Source :- SIRAJLIVE NEWS
ടെഹ്റാൻ | സ്വന്തം ഭൂമിയിലുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഏപ്രിൽ ഒന്നു മുതൽ പ്രമുഖ യു എസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (ഐ ആർ ജി സി) മുന്നറിയിപ്പ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുൾപ്പെടെ 18 മുൻനിര കമ്പനികളുടെ പട്ടികയാണ് ഇറാൻ പുറത്തുവിട്ടിരിക്കുന്നത്.
ബുധനാഴ്ച ഏപ്രിൽ ഒന്നിന് ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ (ഇന്ത്യൻ സമയം രാത്രി 10 മണി) ഈ കമ്പനികളുടെ പ്രാദേശിക പ്രവർത്തനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഉടൻ ജോലിസ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോരണമെന്നും ഐ ആർ ജി സി നിർദ്ദേശിച്ചു.
മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ എന്നിവയ്ക്ക് പുറമെ ഇന്റൽ, ഐ ബി എം, ടെസ്‌ല, ബോയിംഗ് തുടങ്ങിയ വമ്പൻ കമ്പനികളും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ട്. യു എസ് സൈനിക പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ഐ സി ടി, എ ഐ കമ്പനികൾ ഇനി മുതൽ തങ്ങളുടെ നിയമാനുസൃതമായ ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
സമാന്തരമായി പ്രവർത്തിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവ വഴിയാണ് യു എസ് തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ കണ്ടെത്തുന്നത്. ഇത്തരം സാങ്കേതിക വിദ്യകൾ നൽകുന്നതിൽ ഈ കമ്പനികൾക്ക് പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം.
ഇറാനിലെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ട്രാക്ക് ചെയ്യുന്നതിലും പ്രധാന ഘടകം അമേരിക്കൻ ഐ സി ടി, എ ഐ കമ്പനികളാണെന്നും അതിനാൽ ഓരോ ഭീകരപ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുടെ യൂണിറ്റുകൾ തകർക്കപ്പെടുമെന്നും തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Summary
Iran’s Revolutionary Guard Corps has announced plans to target 18 prominent US technology and industrial companies starting April 1, 2026. The list includes global giants like Apple, Microsoft, Google, and Boeing, cited as legitimate targets due to their alleged role in supporting US military intelligence through AI and ICT. Employees of these firms have been warned to evacuate their regional offices ahead of the deadline.



