Source :- SIRAJLIVE NEWS
കൊല്ലം| ആയൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം ഓടിച്ചിരുന്ന മകന്‍ റോബിന്‍ നൈനാന്‍ (33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആയൂര്‍ പാലത്തിന് സമീപമായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നൈനാന്‍ വര്‍ഗീസിന്റെ ഭാര്യ റോസി നൈനാന്‍, റോബിന്റെ മക്കളായ ആദം, അഥീല്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ റോബിനെ ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍, കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തിരുവനന്തപുരം ഹാപ്പി ലാന്‍ഡ് സന്ദര്‍ശിച്ച ശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം എം സി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റ റോസി നൈനാന്‍, റോബിന്റെ മക്കളായ ആദം, അഥീല്‍ എന്നിവര്‍ വ്യത്യസ്ത ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



