Source :- SIRAJLIVE NEWS
ടെഹറാന്‍ | യു എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മയ്യിത്ത് മശാദ് നഗരത്തില്‍ ഖബറടക്കും. എന്നാല്‍, ഖബറടക്ക തീയതി ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരവും ഖാംനഈയുടെ ജന്മസ്ഥലവുമാണ് മശാദ്. ഇവിടുത്തെ തന്നെ ഇമാം റാസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ പിതാവും അന്ത്യവിശ്രമം കൊള്ളുന്നത്.
36 വര്‍ഷം ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനെ നയിച്ച ശേഷമാണ് 86കാരനായ ആയത്തുല്ല അലി ഖാംനഇയുടെ ജീവന്‍ ആക്രമണത്തില്‍ പൊലിഞ്ഞത്. ഖാംനഈയുടെ മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ ശക്തമായ ആക്രമണ പരമ്പരകള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ഇറാനും യു എസ്, ഇസ്‌റാഈല്‍ സംയുക്ത സേനയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ മേഖലയെ നീണ്ട അസ്ഥിരാവസ്ഥയിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുകയാണ്. ആക്രമണ പരമ്പര തുടങ്ങി നാലാമത്തെ രാത്രി ഇറാനിലെ ഖോം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസംബ്ലി ഓഫ് എക്സ്പേട്സ് കെട്ടിടം യു എസ്-ഇസ്റാഈല്‍ ആക്രമണത്തിന് വിധേയമായി. തിരിച്ചടിയായി ദുബൈയിലെ യു എസ് എംബസ്സിയും ഫുജൈറയിലെ ഒരു തുറമുഖവും ഇറാന്‍ ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 787 ആയി ഉയര്‍ന്നിട്ടുണ്ട്.



