Source :- SIRAJLIVE NEWS
ദുബൈ | അടിയന്തര ഘട്ടങ്ങളിലും പ്രതിസന്ധികളിലും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് സുരക്ഷാ ഗൈഡ് പുറത്തിറക്കി. സുപ്രീം കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ദുബൈ റെസിലിയന്‍സ് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. അറബി, ഇംഗ്ലീഷ്, ചൈനീസ്, റഷ്യന്‍, ഹിന്ദി, ഫിലിപ്പിനോ, ഉര്‍ദു തുടങ്ങി ഏഴ് ഭാഷകളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് ഉടന്‍ മാറണമെന്നും ഗൈഡ് നിര്‍ദേശിക്കുന്നു. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
അപകടസാഹചര്യം പൂര്‍ണമായും അവസാനിച്ചുവെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണം. അതിനുമുമ്പ് പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ തിരക്ക് കൂട്ടരുതെന്നും നിര്‍ദേശമുണ്ട്. പോലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ ഹെല്‍ത്ത്, ദുബൈ വിമാനത്താവളങ്ങള്‍ തുടങ്ങിയ പ്രധാന സേവന വിഭാഗങ്ങളുടെ എമര്‍ജന്‍സി നമ്പറുകളും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



