Home LATEST NEWS malyalam പുതിയ വാർത്ത അഞ്ചുവര്‍ഷം മുമ്പ് വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍...

അഞ്ചുവര്‍ഷം മുമ്പ് വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വെച്ച സംഭവം; ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഉടന്‍ നടക്കും

12
0

Source :- SIRAJLIVE NEWS

ആലപ്പുഴ| വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത് പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടന്‍ നടക്കും. എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. രാത്രിയോടെ ആശുപത്രിയിലെത്തിച്ച ഉഷ ജോസഫിനെ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിന്റെ സാധ്യതയാണ് തേടുന്നത്. വിദഗ്ദ സംഘം രൂപീകരിച്ചുള്ള പരിശോധനയായിരിക്കും നടത്തുക. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവ് പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതാണെന്നാണ് ആരോപണം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയാണ് അഞ്ച് വര്‍ഷത്തോളം ജീവിച്ചത്. എക്‌സ് റേയിലാണ് വയറ്റില്‍  കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്നും ഉഷ പറഞ്ഞു.

2021ല്‍ വയറ് വീര്‍ത്ത് വന്നപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ മുഴ കണ്ടെത്തിയത്. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്തത്. മേയ് 5നാണ് ഓപ്പറേഷന്‍ ചെയ്തത്. ഇടയ്ക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെയും കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്‌സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്തിട്ടില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് എക്‌സറേ എടുക്കുന്നതെന്നും ഉഷ വ്യക്തമാക്കി. വണ്ടാനം ആശുപത്രിയിലെ പരിശോധനയിലും കത്രിക കണ്ടെത്തിയില്ലെന്നും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയക്കുകയായിരുന്നുവെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.