Source :- SIRAJLIVE NEWS
കാസര്‍കോട് | വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (WEFI)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എജ്യുക്കേഷന്‍ കരിയര്‍ എക്‌സ്‌പോയും ജോബ് ഫെയറും ഏപ്രില്‍ 25ന് (ശനി) ആരംഭിക്കും. കാസര്‍കോട് വിദ്യാനഗറില്‍ രണ്ട് ദിവസങ്ങളിലായാണ് പരിപാടി.
ജോബ് ഫെയര്‍, കരിയര്‍ കൗണ്‍സിലിംഗ്, എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ്, സ്‌കില്‍ എജ്യുക്കേഷന്‍, പേഴ്‌സണല്‍ കൗണ്‍സിലിംഗ്, പഠന ക്ലാസുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സിംപോസിയങ്ങള്‍ തുടങ്ങി വിവിധ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറിലധികം കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ഓരോ വിദ്യാര്‍ഥിക്കും അവരുടെ കരിയര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള പേഴ്‌സണല്‍ മെന്ററിംഗ് സേവനവും ലഭ്യമാകും. WEFIയുടെ കരിയര്‍ കൗണ്‍സിലിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കൗണ്‍സിലര്‍മാരാണ് മെന്ററിംഗിന് നേതൃത്വം നല്‍കുന്നത്.
ഇതോടൊപ്പം സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍, ആര്‍ട്‌സ്, ലോ, കൊമേഴ്സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത കോഴ്‌സുകള്‍, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാപഠനം, മീഡിയ സ്റ്റഡീസ്, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂണിവേഴ്‌സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, അപ്സ്‌കില്ലിംഗ് തുടങ്ങി നിരവധി മേഖലകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളും ഉണ്ടായിരിക്കും. ഓരോ സ്റ്റാളിലും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിദേശ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍, കേന്ദ്ര സര്‍വകലാശാല ഫാക്കല്‍റ്റികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയ പ്രമുഖരും എജ്യുക്കേഷന്‍ എക്‌സ്‌പോയില്‍ സംബന്ധിക്കും. വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.



