Home LATEST NEWS malyalam പുതിയ വാർത്ത ഇന്ധനവില കുതിപ്പ്: സാധാരണക്കാരുടെ ജീവിതച്ചെലവ് വീണ്ടും ഉയരും

ഇന്ധനവില കുതിപ്പ്: സാധാരണക്കാരുടെ ജീവിതച്ചെലവ് വീണ്ടും ഉയരും

12
0

Source :- SIRAJLIVE NEWS

പാലക്കാട് | രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കുത്തനെ ഉയർന്നതോടെ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് വർധിക്കുമെന്ന ആശങ്ക ശക്തമായി. ലിറ്ററിന് മൂന്ന് രൂപ വരെയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് പുതിയ വർധനക്ക് പ്രധാന കാരണം.

കേരളത്തിൽ ഇന്നലെ അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ വില ലിറ്ററിന് 107 മുതൽ 110 രൂപ വരെയും ഡീസൽ വില 95 മുതൽ 99 രൂപ വരെയുമായി ഉയർന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് ഉൾപ്പെടെയുള്ള നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ പുതിയ നിരക്കാണ് ഈടാക്കുന്നത്.
ഡീസൽ വില വർധിച്ചതോടെ ഗതാഗത മേഖലയിലും ആശങ്കയാണ്. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, ലോറി ഉടമകൾ ഉടൻ ചാർജ് വർധന ആവശ്യപ്പെട്ട് രംഗത്തെത്തുമെന്ന സൂചനയുണ്ട്. നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് നഷ്ടമാണെന്നാണ് വാഹന ഉടമകളുടെ നിലപാട്. ചരക്കു ലോറികൾ, സ്‌കൂൾ ബസുകൾ, മത്സ്യ-പച്ചക്കറി വാഹനങ്ങൾ എന്നിവയുടെ ഓട്ടച്ചെലവും കൂടും.

ഇന്ധനവില വർധനയുടെ ആഘാതം നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനാണ് സാധ്യത. പച്ചക്കറി, മത്സ്യം, പാൽ, അരി, പലചരക്ക് സാധനങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക വ്യാപാര മേഖലയിലും ഉയരുന്നുണ്ട്. ഇതോടെ വിലക്കയറ്റത്തിന്റെ ഭാരം നേരിട്ട് സാധാരണ കുടുംബങ്ങളുടെ അടുക്കളയിലേക്കെത്തുമെന്ന മുന്നറിയിപ്പും ശക്തമാണ്.

ഇതിനിടെ പാചകവാതക വിലയും ഉയർന്ന നിലയിൽ തുടരുകയാണ്. ഗാർഹിക സിലിണ്ടർ വില നേരത്തേ തന്നെ കുടുംബ ബജറ്റിനെ ബാധിച്ച സാഹചര്യത്തിൽ ഇന്ധനവില വർധന കൂടി വന്നതോടെ സാധാരണ കുടുംബങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. കേരളത്തിൽ സാമൂഹിക സുരക്ഷാ സെസ് ഉൾപ്പെടെയുള്ള അധിക നികുതിഭാരമാണ് ഇന്ധനവില ഉയർന്ന നിലയിൽ തുടരാൻ പ്രധാന കാരണങ്ങളിലൊന്നെന്ന വിമർശവും ശക്തമാണ്. കേന്ദ്ര-സംസ്ഥാന നികുതികൾ കുറച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വിലക്കയറ്റം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നു.

2020 മുതൽ 2026 വരെയുള്ള ആറ് വർഷത്തിനിടെ കേരളത്തിൽ പെട്രോൾ വിലയിൽ ഏകദേശം 30 രൂപയിലേറെയും ഡീസൽ വിലയിൽ 25 രൂപയിലേറെയും വർധനവുണ്ടായെന്നാണ് കണക്ക്. ഇതോടെ സ്വകാര്യ വാഹന ഉടമകൾ മുതൽ പൊതുഗതാഗത മേഖലയിലുള്ളവർ വരെ എല്ലാ വിഭാഗങ്ങളും കടുത്ത സാമ്പത്തിക സമ്മർദം നേരിടുകയാണ്. ഇന്ധന വിലയിലെ തുടർച്ചയായ വർധന സംസ്ഥാനത്തെ വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കുകയും സാധാരണ കുടുംബങ്ങളുടെ മാസ ബജറ്റ് വീണ്ടും താളം തെറ്റിക്കാനിടയാക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.