Home LATEST NEWS malyalam പുതിയ വാർത്ത ജാമിഅതുല്‍ ഹിന്ദ് ഏകജാലകം: അപേക്ഷിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

ജാമിഅതുല്‍ ഹിന്ദ് ഏകജാലകം: അപേക്ഷിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സമസ്തയുടെ കീഴില്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന മുന്നൂറിലധികം മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കോളജുകളിലേക്ക് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശന (ജെ സാറ്റ്) ത്തിന് ഇന്നുവരെ അപേക്ഷിക്കാം. ഇന്ന് രാത്രി 11:59 വരെയാണ് അപേക്ഷിക്കാനാവുകയെന്ന് ഏകജാലക പ്രവേശന കണ്‍വീനര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സ്‌കൂള്‍ ആറ്, ഏഴ്, പത്ത് ക്ലാസുകള്‍ കഴിഞ്ഞവര്‍ക്ക് യഥാക്രമം ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസ്സുകളോടൊപ്പം ആഴത്തിലുള്ള മത പഠനവും ലഭ്യമാകുന്ന കോഴ്സുകളാണ് ജാമിഅതുല്‍ ഹിന്ദിന് കീഴിലുള്ളത്. മത പഠനത്തില്‍ ഹാദി ബിരുദവും ഭൗതിക പഠനത്തില്‍ പി എച്ച് ഡിയോ സമാനമായ കോഴ്സുകളോ സമന്വയിപ്പിച്ചു പഠിക്കാനാകാനാകുമെന്നതാണ് പ്രോഗ്രാമുകളുടെ പ്രത്യേകത.

മാനേജ്മെന്റ് ക്വാട്ട വഴി ഏതെങ്കിലും സ്ഥാപനത്തില്‍ സീറ്റ് ഉറപ്പിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആ സ്ഥപനവുമായി ബന്ധപ്പെടാനുള്ള അവസരവും ഇന്ന് അവസാനിക്കും. നേരത്തെ സമര്‍പ്പിച്ച അപേക്ഷകളിലെ സ്ഥാപന മുന്‍ഗണനാക്രമം (ചോയ്‌സ്) എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഈ മാസം 30 വരെ ലഭ്യമായിരിക്കും. മെയ് രണ്ടു വരെ ഹാള്‍ ടിക്കറ്റ് https://www.jamiathulhind.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

കൂടുതല്‍ വിദ്യാര്‍ഥികളെ അപേക്ഷ നല്‍കാന്‍ സഹായിക്കാനായി എസ് വൈ എസ്-എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവിധ സഹായങ്ങള്‍ക്കുമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് അടുത്ത മാസം രണ്ടാം തിയ്യതി ജെ സാറ്റ് പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും നടക്കും. ഇന്ത്യക്കകത്തും പുറത്തുമായി അമ്പതിലധികം സെന്ററുകളില്‍ ഇംഗ്ലീഷ്, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.