Source :- SIRAJLIVE NEWS
തൃശൂര്‍ | ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ തീരുമാനമെടുക്കട്ടെ എന്ന് ദേവസ്വം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കും
വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചാല്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ സംസ്‌കാരത്തിന് സഹായം നല്‍കുമെന്നും ഇരു ദേവസ്വങ്ങളും പറഞ്ഞു.
ഇന്നലെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പഴയന്നൂര്‍ സ്വദേശി സുദര്‍ശന്‍ (54), കുമരനല്ലൂര്‍ സ്വദേശി വാസുദേവന്‍ (54) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 13 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തെങ്കിലും ഏഴ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. പരുക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10 പേര്‍ ഐ സി യുവിലാണ്. ഇവര്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.



