Home LATEST NEWS malyalam പുതിയ വാർത്ത തീവ്ര ഉഷ്ണതരംഗം പ്രകൃതിയുടെ അപായസൂചന

തീവ്ര ഉഷ്ണതരംഗം പ്രകൃതിയുടെ അപായസൂചന

6
0

Source :- SIRAJLIVE NEWS

പച്ചപ്പിന്റെ നാടായ കേരളം ഇന്ന് ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഓരോ വര്‍ഷവും ഉഷ്ണത്തിന്റെ തീവ്രത വന്‍തോതില്‍ വര്‍ധിച്ചുവരുന്നു. മലയോര മേഖലയിലൊഴികെ കടുത്ത അസ്വസ്ഥതയുളവാക്കുന്ന കാലാവസ്ഥയാണുള്ളത്. അടുത്ത ദിവസങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുമ്പോള്‍ മുന്‍കരുതലിന് നിര്‍ദേശം നല്‍കുന്നതിനപ്പുറം, നേരത്തേ സുഖകരമായ കാലാവസ്ഥയായിരുന്ന കേരളത്തിന് എന്തുകൊണ്ട് ഈ ഗതിവന്നുവെന്ന കാര്യത്തില്‍ കാര്യക്ഷമമായ പഠനവും നടപടികളും ആവശ്യമാണ്.

കേരളത്തിന്റെ പ്രത്യേക ഭൂഘടനയാണ് സ്ഥിതി ഇത്ര സങ്കീര്‍ണമാക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. അറബിക്കടലിനോട് ചേര്‍ന്ന സംസ്ഥാനമായതിനാല്‍ അതിന്റെ പ്രതിഫലനം സംസ്ഥാനത്ത് നേരിട്ട് അനുഭവപ്പെടുന്നു. കടല്‍ ചൂടാകുമ്പോള്‍ നീരാവി അന്തരീക്ഷത്തില്‍ കൂടുതലായി കലരുകയും വായുവിലെ ഈര്‍പ്പം വര്‍ധിക്കുകയും ചെയ്യും. ഈര്‍പ്പം കൂടുമ്പോള്‍ വിയര്‍പ്പ് ഉണങ്ങാന്‍ താമസമെടുക്കും. ഇത് ശരീരത്തിന് യഥാര്‍ഥ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടാന്‍ ഇടയാക്കും. 37 ഡിഗ്രി താപനില പോലും 45 ഡിഗ്രി പോലെ അനുഭവപ്പെടും.

പ്രകൃതി പ്രതിഭാസമെന്നതിനൊപ്പം മനുഷ്യ കരങ്ങള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ പങ്ക്. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കാടുകള്‍ വെട്ടിത്തെളിച്ചും വികസനത്തിന്റെ പാതകള്‍ വെട്ടുമ്പോള്‍ പ്രകൃതിയുടെ സ്വാഭാവികമായ ശീതീകരണ സംവിധാനം നശിക്കുന്നു. കൃഷിയിടങ്ങള്‍ മാത്രമല്ല, ജലസംഭരണികള്‍ കൂടിയാണ് വയലുകള്‍. അന്തരീക്ഷത്തിലെ ചൂട് ആഗിരണം ചെയ്യുന്നതിലും ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്തുന്നതിലും വയലുകള്‍ക്ക് വലിയ പങ്കുണ്ട്. എല്‍നിനോ (ഭൂമധ്യരേഖയുടെ മധ്യകിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസം) പോലുള്ള അന്താരാഷ്ട്ര ഘടകങ്ങളും ഉഷ്ണ വര്‍ധന ശക്തമാക്കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാര്‍ റോഡുകളും ചൂട് ആഗിരണം ചെയ്ത് പുറത്തുവിടുന്നതാണ് രാത്രി കാലങ്ങളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ മറ്റൊരു കാരണം. വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡും എയര്‍ കണ്ടീഷണര്‍ പുറത്തുവിടുന്ന ചൂടും കൂടി ചേരുമ്പോള്‍ വറചട്ടിയായി മാറുകയാണ് കേരളം.

ഈ ഘടകങ്ങളെല്ലാം കൂടി ചേരുമ്പോള്‍ പരിസ്ഥിതി പ്രശ്നത്തിനപ്പുറം ഇതൊരു സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധി യായി രൂപപ്പെടുന്നു. വൈദ്യുതി ഉപയോഗം കുത്തനെ വര്‍ധിക്കുന്നു. ജലക്ഷാമം രൂപപ്പെടുന്നു. സമയം പുനഃക്രമീകരിക്കേണ്ടി വരുന്നതിനാല്‍ തൊഴിലാളികളുടെ ജോലിസമയം കുറയുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് പ്രയാസം അനുഭവപ്പെടുന്നു.

മഴയുടെ രീതിയില്‍ വന്ന മാറ്റമാണ് മറ്റൊരു പ്രശ്നം. കൃത്യമായ ഇടവേളകളില്‍ ലഭിച്ചിരുന്ന മഴയായിരുന്നു കേരളത്തിന്റെ കാലാവസ്ഥാ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഇടമഴ അന്തരീക്ഷത്തിലെ ചൂട് കുറക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. സമീപ കാലങ്ങളില്‍ വേനല്‍മഴ നന്നേ കുറയുകയോ ഒറ്റപ്പെട്ട മഴയായി പരിമിതപ്പെടുകയോ ചെയ്യുകയാണ്. ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മഴയുടെ വിതരണത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നുവെന്നാണ്. അതായത്, പെയ്യേണ്ട സമയത്ത് പെയ്യാതിരിക്കുകയും പെയ്യുമ്പോള്‍ പ്രളയസമാനമായ മഴ ലഭിക്കുകയും ചെയ്യുന്നു. മഴയിലെ അളവിലും കുറവ് സംഭവിച്ചിട്ടുണ്ട്.

കൃത്യമായ മഴ ലഭിക്കാത്തത് മണ്ണിന്റെ ഈര്‍പ്പം ഇല്ലാതാക്കും. വരണ്ട മണ്ണ് ചൂടിനെ പ്രതിഫലിപ്പിക്കുകയും അന്തരീക്ഷ താപനില വര്‍ധിപ്പിക്കുകയും ചെയ്യും. വരള്‍ച്ചയും കടുത്ത ഉഷ്ണതരംഗവും ഒരേസമയം പിടിമുറുക്കുന്ന രീതിയിലേക്ക് കേരളത്തിന്റെ കാലാവസ്ഥ മാറിയിരിക്കുന്നുവെന്ന് ഈ വര്‍ഷം പുറത്തുവന്ന പഠന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിശക്തമായ മഴ വര്‍ഷിക്കുകയും പെട്ടെന്ന് തന്നെ ആകാശം തെളിയുകയും ചെയ്യുന്ന രീതി സംസ്ഥാനത്ത് ഇപ്പാള്‍ പതിവാണ്. പെട്ടെന്ന് പെയ്യുന്ന അതിശക്തമായ മഴ ഭൂമിയിലേക്കിറങ്ങാതെ ഒലിച്ചു പോകുന്നതിനാല്‍ അന്തരീക്ഷം തണുപ്പിക്കുന്നതിനു പകരം ഉഷ്ണതരംഗം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന മിതമായ മഴക്ക് മാത്രമേ ഉഷ്ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാകുകയുള്ളൂ. മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റം കേരളത്തിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് പഠന റിപോര്‍ട്ടുകളെല്ലാം വിരല്‍ചൂണ്ടുന്നത്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള വികസനത്തിന് വലിയ വില നല്‍കേണ്ടി വരും.