Home LATEST NEWS malyalam പുതിയ വാർത്ത എഫ് സി ആര്‍ എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

എഫ് സി ആര്‍ എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; കടുത്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

12
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | വിദേശ സംഭാവന നിയന്ത്രണ നിയമ (Foreign Contribution (Regulation) Amendment Bill-FCRA) ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിനെതിരെ കേരളത്തിലും മറ്റും വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും ഭേദഗതി കൊണ്ടുവരുന്നതിനെതിരെ ശക്തമായി രംഗത്തുണ്ട്. സഭയില്‍ കടുത്ത പ്രതിഷേധം തീര്‍ക്കാന്‍ കേരളത്തില്‍ നിന്നുള്ള യു ഡി എഫ്, എല്‍ ഡി എഫ് എം പിമാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിയമഭേദഗതി കൊണ്ടുവരുന്നതിനെതിരെ യു ഡി എഫ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ തേടി കൊടിക്കുന്നില്‍ സുരേഷ് പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

ബില്ലില്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ഇനി ചര്‍ച്ചക്കില്ലെന്ന് കേന്ദ്രം ഇന്നലെ വ്യക്തമാക്കിയിരുന്നു. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കോണ്‍ഗ്രസ്സും സി പി എമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം നടത്തുന്ന നുണപ്രചാരണമാണ് ക്രൈസ്തവ സമൂഹത്തിനിടയില്‍ അനാവശ്യ ആശങ്കകള്‍ സൃഷ്ടിക്കുന്നതെന്നും റിജിജു പ്രതികരിച്ചു.

2026 മാര്‍ച്ച് 25നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ഈ ബില്ല് അവതരിപ്പിച്ചത്. രാജ്യത്തെ സര്‍ക്കാരിതര സംഘടനകള്‍ക്ക് (NGO) ലഭിക്കുന്ന വിദേശ ധനസഹായത്തിന്മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയെന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തു നിന്നുള്ള ഫണ്ടുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു. ബില്ലിലെ വ്യവസ്ഥ പ്രകാരം ഏതെങ്കിലും എന്‍ ജി ഒകളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താല്‍, അത്തരം സംഘടനകളുടെ ആസ്തികള്‍ നിയന്ത്രിക്കാനോ കണ്ടുകെട്ടാനോ ഉള്ള അധികാരം ഇതുമായി ബന്ധപ്പെട്ട അതോറിറ്റിക്കുണ്ടായിരിക്കും.