Home LATEST NEWS malyalam പുതിയ വാർത്ത കരിയോയില്‍ സംസ്‌കരണ യൂണിറ്റിലെ തീപിടിത്തം; മരിച്ചയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

കരിയോയില്‍ സംസ്‌കരണ യൂണിറ്റിലെ തീപിടിത്തം; മരിച്ചയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

10
0

Source :- SIRAJLIVE NEWS

കൊച്ചി | എറണാകുളം കളമശ്ശേരി എടയാറിലെ കരിയോയില്‍ സംസ്‌കരണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. പുറമെ, മരിച്ചയാളുടെ മക്കളുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കുകയും ഭാര്യക്ക് സമ്മതമാണെങ്കില്‍ ജോലി നല്‍കുകയും വേണം.

സിജി ലൂബ്രിക്കന്‍സ് കമ്പനിയിലുണ്ടായ തീപിടിത്തത്തിലാണ് ബിഹാര്‍ സ്വദേശിയായ ശത്രുഘ്ജ്ഞന്‍ മരിച്ചത്. തീപിടിത്തത്തില്‍ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ച വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ശത്രുഘ്ജ്ഞന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 22 വര്‍ഷത്തോളമായി കേരളത്തില്‍ താമസിച്ചു വരുന്ന ഇയാളുടെ സംസ്‌കാരം കളമശ്ശേരിയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് കരിയോയില്‍ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. ഈസമയത്ത് അകത്തുണ്ടായിരുന്ന ശത്രുഘ്ജ്ഞന്‍ ഒഴികെയുള്ള തൊഴിലാളികള്‍ ഓടിമാറി രക്ഷപ്പെട്ടു. എന്നാല്‍, വാല്‍വ് ഓഫാക്കാനായി കയറിയിരുന്ന ശത്രുഘ്ജ്ഞന്‍ പുറത്തേക്കിറങ്ങാനാവാതെ കുടുങ്ങിപ്പോവുകയായിരുന്നു.