Home LATEST NEWS malyalam പുതിയ വാർത്ത സ്ത്രീ പള്ളിപ്രവേശവും ജുഡീഷ്യറിയുടെ അധികാര പരിധിയും

സ്ത്രീ പള്ളിപ്രവേശവും ജുഡീഷ്യറിയുടെ അധികാര പരിധിയും

19
0

Source :- SIRAJLIVE NEWS

ആശങ്കാജനകമാണ് സ്ത്രീ പള്ളിപ്രവേശന വിഷയത്തില്‍ ഇടപെടാനുള്ള സുപ്രീം കോടതിയുടെ നീക്കം. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ പരിശോധിക്കുന്ന ഒമ്പതംഗ ബഞ്ചാണ് മസ്ജിദുകളിലെ സ്ത്രീകളുടെ പ്രവേശന വിഷയവും കൂടി പരിഗണിക്കുന്നത്. മസ്ജിദുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിര്‍ബന്ധമാക്കുന്ന ഉത്തരവാണ് കോടതിയുടെ പരിഗണനയില്‍. ഈ നീക്കത്തിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്ത് വരികയും ഈ വിഷയത്തില്‍ കൈകടത്താനുള്ള നീക്കത്തില്‍ നിന്ന് സുപ്രീം കോടതി പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെ പള്ളിപ്രവേശമുള്‍പ്പെടെ മസ്ജിദുകളുടെ ഭരണപരമായ കാര്യങ്ങളിലും മതപരമായ ആചാരങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം അതാത് മതങ്ങളിലെ പണ്ഡിതന്മാര്‍ക്കും മഹല്ല് ഭരണസമിതിക്കുമാണ്. ഇക്കാര്യം ഹൈക്കോടതികള്‍ തന്നെ പലപ്പോഴായി ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലുള്ള കേരള ഹൈക്കോടതി ബഞ്ച് പുറപ്പെടുവിച്ച വിധി പ്രസ്താവം ശ്രദ്ധേയമാണ്. മസ്ജിദുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം, ആര് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കണം, മതപരമായ ചടങ്ങുകള്‍ എങ്ങനെ നടത്തണം തുടങ്ങിയ കാര്യങ്ങളില്‍ സിവില്‍ കോടതികള്‍ക്കോ സര്‍ക്കാറിനോ ഇടപെടാന്‍ അവകാശമില്ലെന്നും ഭരണഘടനയുടെ അനുഛേദം 26 പ്രകാരം ഓരോ മതവിഭാഗത്തിനും അവരുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു അന്നത്തെ വിധിപ്രസ്താവം.

ഏതെങ്കിലും മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമോ പൊതുതാത്പര്യ ഹരജിയിലോ അല്ല സുപ്രീം കോടതി ഇപ്പോള്‍ മസ്ജിദുകളിലെ സ്ത്രീപ്രവേശന പ്രശ്നത്തില്‍ കൈയിട്ടത്. 2019 നവംബറില്‍ ശബരിമല വിധി പുനഃപരിശോധിക്കണമെന്ന ഹരജി പരിഗണിക്കവെ, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് സ്വമേധയാ ആണ് മസ്ജിദുകളിലെ സ്ത്രീപ്രവേശനം കൂടി കൂട്ടത്തില്‍ പരിഗണിക്കാന്‍ തീരുമാനിച്ചതും പ്രശ്നം ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് വിട്ടതും. ശബരിമല പ്രശ്നം ഹിന്ദുമതത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും വിശാലാടിസ്ഥാനത്തില്‍ ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും പ്രശ്നമാണെന്ന നിരീക്ഷണത്തിലായിരുന്നു കോടതിയുടെ ഈ കടന്നുകയറ്റം. മതപരമായ ആചാരങ്ങള്‍ അതാത് മതങ്ങളുടെ ആഭ്യന്തര കാര്യമാണെന്നിരിക്കെ സുപ്രീം കോടതിയുടെ ഈ ഇടപെടല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റവും ജുഡീഷ്യല്‍ പരിധിയുടെ ലംഘനവുമാണ്. നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണ്, അല്ലാതെ മതാചാരങ്ങള്‍ പരിഷ്‌കരിക്കുകയല്ല കോടതിയുടെ ദൗത്യം.

മസ്ജിദുകളിലെ ഭരണപരമായ കാര്യങ്ങളിലും ആരാധനകളിലും നൂറ്റാണ്ടുകളായി ഇസ്ലാമിക നിയമസംഹിതകളുടെ അടിസ്ഥാനത്തില്‍ പണ്ഡിത- സമുദായ നേതൃത്വമാണ് തീരുമാനം കൈകൊള്ളുന്നത്. ഇവിടെ ബാഹ്യമായ ഇടപെടല്‍ ആവശ്യമില്ല. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നടപടിക്കെതിരെ മൗനം പാലിച്ചാല്‍, ഭാവിയില്‍ ഏത് മതപരമായ കാര്യങ്ങളിലും ഭരണഘടനയുടെ പേര് പറഞ്ഞ് കോടതിക്ക് ഇടപെടാവുന്ന അവസ്ഥ സംജാതമാകും. മതപരമായ വൈവിധ്യത്തെയും സ്വയംഭരണാധികാര അവകാശത്തെയും ഇത് ദുര്‍ബലപ്പെടുത്തും. മുസ്ലിം സംഘടനകളും സമുദായവും ഇക്കാര്യത്തില്‍ ജാഗ്രത്താകേണ്ടതുണ്ട്.

ഭരണഘടനാ അനുഛേദം 14 പ്രകാരമുള്ള തുല്യനീതിക്ക് വേണ്ടി കോടതിക്ക് ശബ്ദമുയര്‍ത്താമെങ്കിലും അത് അനുഛേദം 26 ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കൂടി മാനിച്ചു കൊണ്ടും മറ്റു സമുദായങ്ങളെ വിശ്വാസത്തിലെടുത്തുമായിരിക്കണം. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന പ്രശ്നം, കോടതിക്ക് പുറത്ത്, മുസ്ലിം സമുദായ നേതൃത്വത്തിന് വിട്ടുകൊടുക്കുന്നതാണ് ജനാധിപത്യ മര്യാദ. അത് പണ്ഡിത നേതൃത്വവും മഹല്ലുകമ്മിറ്റികളും ചേര്‍ന്ന് കൈകാര്യം ചെയ്യട്ടെ. കോടതിയില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന നിയമം കടുത്ത എതിര്‍പ്പുകള്‍ക്കിടയാക്കും. മതപരമായ കാര്യങ്ങളില്‍ കോടതികള്‍ കാണിക്കുന്ന അമിത ‘ജാഗ്രത’ സമൂഹത്തില്‍ കൂടുതല്‍ ധ്രുവീകരണം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂ.

വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷതയും കരുത്തും. ഭരണഘടന അനുശാസിക്കുന്ന തുല്യതക്കൊപ്പം മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. തുല്യതയുടെ പേര് പറഞ്ഞ് മതപരമായ ആചാരങ്ങളുടെ അന്തസ്സത്ത ഇല്ലാതാക്കുന്നത്, ഭരണഘടനാ വിരുദ്ധവും അനീതിയുമാണ്. ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ- ആചാര സ്വാതന്ത്ര്യം. തുല്യതയെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ന്യായാധിപന്മാര്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തും. മതങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കുകയും മാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മതന്യൂനപക്ഷങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നിലനില്‍ക്കുകയുള്ളൂ. നിയമ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ക്കപ്പുറം സമുദായങ്ങളുടെ വൈകാരികവും സാംസ്‌കാരികവുമായ അടിത്തറയാണ് മതവിശ്വാസം. ഇതടിസ്ഥാനത്തിലാണ് ഭരണഘടനാ ശില്‍പ്പികള്‍ മത വിശ്വാസ- ആചാരങ്ങളെ മൗലികാവകാശമായി പ്രഖ്യാപിച്ചതും.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നാണ് അധികാര വിഭജനം. നിയമം നടപ്പാക്കാന്‍ പാര്‍ലിമെന്റിനും അത് നടപ്പാക്കാന്‍ സര്‍ക്കാറിനും അധികാരം നല്‍കിയ ഭരണഘടന, നിയമം വ്യാഖ്യാനിക്കാനുള്ള അധികാരമാണ് ജുഡീഷ്യറിക്ക് നല്‍കിയത്. അതിനപ്പുറം ജുഡീഷ്യല്‍ ആക്ടിവിസത്തിന് തുനിയുമ്പോള്‍, കോടതി സ്വയം നിയമം നിര്‍മിക്കുന്ന അവസ്ഥ സംജാതമാകുന്നു. ഇത് അധികാര പരിധി ഭേദിക്കലാണ്.