Home LATEST NEWS malyalam പുതിയ വാർത്ത ശമനമില്ലാതെ ആക്രമണ, പ്രത്യാക്രമണങ്ങള്‍; ചര്‍ച്ച നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് ട്രംപ്, ഇല്ലെന്ന് ഇറാന്‍

ശമനമില്ലാതെ ആക്രമണ, പ്രത്യാക്രമണങ്ങള്‍; ചര്‍ച്ച നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് ട്രംപ്, ഇല്ലെന്ന് ഇറാന്‍

6
0

Source :- SIRAJLIVE NEWS

തെഹ്‌റാന്‍ | ഇറാനിനെതിരായ യു എസ്-ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. തെക്കന്‍ തെഹ്‌റാനില്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവിവിനെയും ഇസ്‌റാഈലിന്റെ വടക്കന്‍ ഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍, ഹിസ്ബുല്ല തിരിച്ചടിയില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്‌റാഈലിലെയും അമേരിക്കയിലെയും തന്ത്രപ്രധാനമായ സൈനിക, ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായി നടന്ന എഴുപത്തിയൊന്‍പതാം ഘട്ട ആക്രമണത്തില്‍ ടെല്‍ അവീവിലെ അതീവ സുരക്ഷയുള്ള ഇന്റലിജന്‍സ് ഹബ്ബുകള്‍ തകര്‍ത്തതായി ഐ ആര്‍ ജി സിയെ ഉദ്ധരിച്ച് ഇറാന്‍ ചാനലായ പ്രസ് ടി വി റിപോര്‍ട്ട് ചെയ്തു. ശക്തമായ ഖൈബര്‍ ശകന്‍, ഇമാദ്, സെജ്ജീല്‍ മിസൈലുകള്‍ക്ക് പുറമെ ഐ ആര്‍ ജി സി എയറോസ്‌പേസ് ഫോഴ്‌സിന്റെ കാമികാസെ ഡ്രോണുകളും ആക്രമണത്തിനായി ഉപയോഗിച്ചു. ഇസ്‌റാഈലിന്റെ ബഹുതല വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തുകൊണ്ടാണ് ഇവ ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചത്. വടക്കന്‍, മധ്യ തെല്‍ അവീവിലെ ചാരസംഘടനകളുടെ കേന്ദ്രങ്ങള്‍, റമത്ത് ഗാനിലെയും നെഗേവിലെയും സൈനിക വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. കൂടാതെ ബീര്‍ഷെബയിലെ ഇസ്‌റാഈലിന്റെ തെക്കന്‍ സൈനിക ലോജിസ്റ്റിക്‌സ് ആസ്ഥാനത്തും മിസൈലുകള്‍ ആഘാതം സൃഷ്ടിച്ചു.

അതിനിടെ, ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ആവര്‍ത്തിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. എന്നാല്‍, ഈ അവകാശവാദം വ്യാജമാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍. വിശാലാര്‍ഥത്തിലുള്ള ധാരണയില്‍ എത്തിച്ചേരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. വാണിജ്യ സംബന്ധമായ കാര്യങ്ങള്‍ പ്രധാനമായതിനാല്‍ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇറാന്‍ താത്പര്യപ്പെടുന്നതായും സമാധാനമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, ഇത്തരം അവകാശവാദങ്ങള്‍ വ്യാജമാണെന്നും സാമ്പത്തികമായും എണ്ണ സംബന്ധമായുമുള്ള കാര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ഇറാന്‍ പാര്‍ലിമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഘെര്‍ ഖലിബാഫ് പറഞ്ഞു. ഇതിനിടെയാണ് ചര്‍ച്ച നടക്കുകയാണെന്ന് അവകാശപ്പെട്ട് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.