Home LATEST NEWS malyalam പുതിയ വാർത്ത തിരഞ്ഞെടുപ്പുകളില്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചു; സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ തുറന്നടിച്ച് പി കെ ജയലക്ഷ്മി

തിരഞ്ഞെടുപ്പുകളില്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചു; സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ തുറന്നടിച്ച് പി കെ ജയലക്ഷ്മി

14
0

Source :- SIRAJLIVE NEWS

വയനാട് | ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായുള്ള ചെളിവാരിയെറിയലുകള്‍ വയനാട് കോണ്‍ഗ്രസ്സില്‍ രൂക്ഷമാവുന്നു. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ വെളിപ്പെടുത്തലിലൂടെ ഇത് മറ്റൊരു തലത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മാനന്തവാടിയില്‍ മുന്നണിക്കുള്ളില്‍ നിന്ന് തനിക്കെതിരെ ചതിപ്രയോഗമുണ്ടായെന്നും അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അവര്‍ തുറന്നടിച്ചു. ചില നേതാക്കള്‍ തന്നെ ചതിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് ജയലക്ഷ്മിയുടെ ആരോപണം. വെള്ളമുണ്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഉഷ വിജയന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പി കെ ജയലക്ഷ്മി തുറന്നുപറച്ചിലുകള്‍ നടത്തിയത്.

തന്നെ തോല്‍പ്പിക്കാന്‍ പ്രയത്‌നിച്ച ഒരു വിഭാഗം നേതാക്കള്‍ കെട്ടുകണക്കിന് പോസ്റ്ററുകള്‍ പുഴയില്‍ ഒഴുക്കി. വാഹന പ്രചാരണം നടത്താതെ നേതാക്കള്‍ കിടന്നുറങ്ങിയെന്നതിനു പുറമെ, പി കെ ജയലക്ഷ്മിക്ക് വോട്ട് ചെയ്യരുതെന്ന് വീടുകയറി പറഞ്ഞു. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ നിശ്ചയിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ല. നിരവധി പേര്‍ വെയിലും മഴയും കൊണ്ട് എങ്ങനെയെങ്കിലും മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോള്‍ ചില ശക്തികള്‍ അതിനുള്ളില്‍ നിന്നുകൊണ്ട് ഇത്തരത്തിലൊരു ചതി ഒരുക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് തോറ്റത് പി കെ ജയലക്ഷ്മിയല്ല. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയാണ്. ഇത്തരം ചതി ഇനി ആവര്‍ത്തിക്കരുതെന്ന് ജയലക്ഷ്മി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി കെ ജയലക്ഷ്മി. എന്നാല്‍ 2016ലും 2021ലും അവര്‍ പരാജയപ്പെട്ടു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളുവിനോടായിരുന്നു തോല്‍വി.