Home LATEST NEWS malyalam പുതിയ വാർത്ത ജലം ജീവാമൃതം; വേണം കരുതലുള്ള വിനിയോഗം

ജലം ജീവാമൃതം; വേണം കരുതലുള്ള വിനിയോഗം

14
0

Source :- SIRAJLIVE NEWS

അടിക്കടി കുറഞ്ഞുവരികയാണ് ശുദ്ധജല ലഭ്യത. നദികളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും ജനങ്ങളില്‍ പകുതിയിലേറെ പേര്‍ക്കും ശുദ്ധജലം ലഭിക്കുന്നില്ല. പ്രകൃതിദത്തമായ ശുദ്ധജല ലഭ്യതയുടെ അഭാവം മൂലം, അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മലിനജലം ശുദ്ധീകരിച്ചാണ് പല രാഷ്ട്രങ്ങളും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. ഏറെക്കുറെ നന്നായി മഴ ലഭിക്കുന്ന കേരളത്തിലെ മഴവെള്ളത്തിന്റെ 90 ശതമാനത്തോളം കടലിലേക്ക് ഒഴുകിപ്പോകുകയാണ്. 12 ശതമാനം മാത്രമാണ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ‘ജലദിന’ത്തിന്റെ പ്രസക്തി. അമൃതാണ് ജലം. ജീവന്റെ ഉറവിടവും നിലനില്‍പ്പിന്റെ ആധാരവുമാണ്. ഭൂമിയുടെ ഫലഭൂയിഷ്ടത നിലനിര്‍ത്തുന്ന ഘടകവും ജലമാണ്. കുടിവെള്ളം മുതല്‍ കൃഷി വരെ, വ്യവസായം മുതല്‍ വൈദ്യുതി വരെയും ജലത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജലമെന്ന അനിവാര്യ വിഭവത്തെ അതിന്റെ പ്രാധാന്യം മനസ്സിലാക്കി, തദടിസ്ഥാനത്തിലല്ല ജനങ്ങള്‍ പൊതുവെ കൈകാര്യം ചെയ്യുന്നത്. ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗവും മലിനീകരണവും വ്യാപകമാണ്. ഇത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്നു. ഈ വസ്തുത ലോകസമൂഹത്തെ ബോധ്യപ്പെടുത്തി ജലസംരക്ഷണത്തിന്റെ അനിവാര്യതയിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 22 ആഗോളതലത്തില്‍ ‘ജലദിനം’ ആചരിക്കാന്‍ യു എന്‍ ആഹ്വാനം ചെയ്തത്.

കാലാവസ്ഥാ വ്യതിയാനമാണ് ലോകം ഇന്നനുഭവിക്കുന്ന മുഖ്യ വെല്ലുവിളികളിലൊന്ന്. ശുദ്ധജല ലഭ്യതയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഒരിടത്ത് അതിശക്തമായ മഴയും പ്രളയവും അനുഭവപ്പെടുമ്പോള്‍, മറ്റൊരിടത്ത് കടുത്ത വരള്‍ച്ച. ജലസ്രോതസ്സുകളുടെ സ്വാഭാവിക നിലനില്‍പ്പിനെ ഇത് ബാധിക്കുന്നു. ഹിമാലയം ഉള്‍പ്പെടെ മഞ്ഞുമലകള്‍ ഉരുകുന്നത് വറ്റാത്ത നദികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു. ലഭ്യമായ ജലം ശരിയായി ഉപയോഗിക്കാന്‍ സാധിക്കാത്തതും വലിയൊരു പ്രശ്നമാണ്. പൈപ്പ് ലൈനുകളിലെ ചോര്‍ച്ച, കാര്‍ഷിക മേഖലയിലെ ജലത്തിന്റെ അമിതോപയോഗം, നഗരവത്കരണത്തെ തുടര്‍ന്ന് കുളങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്ന പ്രവണത എന്നിവയും ജലപ്രതിസന്ധി സൃഷ്ടിക്കുന്നു.

വ്യവസായ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നദികളിലും കായലുകളിലും പുറന്തള്ളിക്കൊണ്ടിരിക്കുന്നത് ജലത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നു. നിര്‍മാണ ജോലികള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും ഭൂഗര്‍ഭജലം വന്‍തോതില്‍ ഉപയോഗിക്കുന്നത് കിണറുകളില്‍ ജലനിരപ്പ് ഭീഷണമാംവിധം താഴാന്‍ ഇടയാക്കുന്നു. ജലദൗര്‍ലഭ്യം മാത്രമല്ല ഇതിന്റെ പ്രത്യാഘാതം; കെട്ടിടങ്ങളുടെ നിലനില്‍പ്പ് പോലും അപകടത്തിലാക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നീ അഞ്ച് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് ജലനിരപ്പിന്റെ നിരന്തരമായ താഴ്ച ഈ അഞ്ച് നഗരങ്ങളിലെ 13 ദശലക്ഷം കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നതായി രാജ്യാന്തര ശാസ്ത്ര മാസികയായ ‘നേച്ചര്‍ സസ്റ്റൈനബിലിറ്റി’ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ താഴ്ചയെ തുടര്‍ന്ന് ഭൂമിയുടെ നിരപ്പില്‍ സംഭവിക്കുന്ന താഴ്ചയാണ് കാരണം.

ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പുവെള്ളമാണ്. ഉപയോഗ്യമായ വെള്ളം മൂന്ന് ശതമാനം മാത്രം. ശ്രദ്ധാപൂര്‍വവും പാഴാക്കാതെയും വിനിയോഗിച്ചാല്‍ ആഗോളസമൂഹത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഇതുതന്നെ ധാരാളം. ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ്, ജലസംരക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കുകയും ഉപയോഗത്തില്‍ കണിശത പാലിക്കുകയും വേണം. കുളിക്കാനും മറ്റു ശുചീകരണ ആവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും വെള്ളം മിതമായി മാത്രം ഉപയോഗിക്കുക, മഴവെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്തി മണ്ണിലേക്ക് ഇറക്കിവിടുക, പൈപ്പോ ടാപ്പോ പൊട്ടി വെള്ളം ചോര്‍ന്നൊലിച്ചാല്‍ താമസംവിനാ നന്നാക്കുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക (മരങ്ങളുടെ വേരുകള്‍ ജലം ഭൂമിക്കടിയിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നു) തുടങ്ങിയവയാണ് ജലസംരക്ഷണത്തിന് നിര്‍ദേശിക്കപ്പെടുന്ന മാര്‍ഗങ്ങള്‍.

ഓരോ വര്‍ഷവും ജലദിനാചരണത്തിന് ഐക്യരാഷ്ട്ര സഭ വ്യത്യസ്ത പ്രമേയങ്ങള്‍ മുന്നോട്ടുവെക്കാറുണ്ട്. ‘ജലവും ലിംഗനീതിയു’മാണ് ഈ വര്‍ഷത്തെ പ്രമേയം. ജലസംഭരണത്തിനു വേണ്ടി കൂടുതല്‍ പ്രയാസവും കഷ്ടപ്പാടും അനുഭവിക്കുന്നത് സ്ത്രീകളാണെന്ന വസ്തുത കണക്കിലെടുത്താണ് ഈ പ്രമേയം തിരഞ്ഞെടുത്തത്. മിക്ക വീടുകളിലും കുടിവെള്ളം ശേഖരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. സഹാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ തൊട്ട് ഏഷ്യയിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ദശലക്ഷക്കണക്കിനു സ്ത്രീകള്‍ വെള്ളം ചുമന്നുകൊണ്ടുവരാന്‍ മാത്രം ശരാശരി ആറ് മണിക്കൂറോളം ചെലവഴിക്കുന്നതായി യൂനിസെഫ് റിപോര്‍ട്ടുകള്‍ വിലയിരുത്തുന്നു. ഇതവരുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. ആര്‍ത്തവകാലത്തെ ശുചിത്വം, സ്‌കൂളില്‍ മതിയായതും സുരക്ഷിതവുമായ ശുചിത്വ സൗകര്യങ്ങളില്ലായ്മ തുടങ്ങിയ കാരണങ്ങളാലും സ്ത്രീകള്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നു.

ജലസംരക്ഷണം അനിവാര്യമായ ബാധ്യതയാണെന്ന് ഓര്‍മപ്പെടുത്തുന്നതോടൊപ്പം, ജലശേഖരണം സ്ത്രീകളുടെ മാത്രം അധ്വാനഭാരമായി മാറുന്ന അവസ്ഥക്ക് അറുതിവരുത്തണമെന്നും ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ആവശ്യത്തിനു വെള്ളം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നുമാണ് ഈ വര്‍ഷത്തെ ‘ജലദിനം’ ആഗോള സമൂഹത്തോട് ആവശ്യപ്പെടുന്നത്.