Source :- SIRAJLIVE NEWS
ദോഹ | ഖത്വറില്‍ സൈനിക ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഖത്വര്‍ പ്രതിരോധ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അറിയിച്ചു. പതിവ് നിരീക്ഷണ പറക്കലിനിടെയാണ് അപകടം.
ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി തിരച്ചില്‍ നടന്നുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘങ്ങളെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എത്ര പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്ന കാര്യം ഖത്വര്‍ വെളിപ്പെടുത്തിയിട്ടില്ല.
പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഖത്വര്‍ നിരവധി തവണ ആക്രമണത്തിനു വിധേയമായിരുന്നു. എന്നാല്‍, ഇറാന്‍-യു എസ്-ഇസ്‌റാഈല്‍ യുദ്ധവുമായി ഹെലികോപ്ടര്‍ ആക്രമണത്തിന് ബന്ധമൊന്നുമില്ലെന്നാണ് ഖത്വര്‍ അധികൃതര്‍ പറയുന്നത്.



