Source :- EVARTHA NEWS
ബാബു ചാഴികാടന്‍റെ ഓര്‍മ്മയില്‍ വികാരാധീനനായ സിറിയക്കിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച് ഒരു വിഭാഗം. സിറിയക്കിനെയും ഒപ്പം പിതൃസഹോദനായ അന്തരിച്ച ബാബു ചാഴികാടനെയും ഇക്കൂട്ടര്‍ വെറുതേ വിടുന്നില്ല.
കേരളാ കോൺഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവാണ് ബാബു ചാഴികാടന്‍, പക്ഷേ, കേവലം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ പേരില്‍ അദ്ദേഹത്തെപോലും അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെതന്നെ നിക് പക്ഷരായവരുടെ അഭിപ്രായ പ്രകടനങ്ങള്‍.
താന്‍ കുഞ്ഞായിരിക്കുന്ന സമയത്താണു ദാരുണമായ സംഭവം നടക്കുന്നതെന്നാണ് വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിറിയക് പറഞ്ഞത്. ഇന്നും എനിക്കു പ്രചോദമാകുന്നത് ചിറ്റപ്പനായ ബാബു ചാഴികാടന്‍ എഴുതിയ ഓര്‍മ്മ കുറിപ്പുകളാണ് .., അതിലെ വലിയ സ്വപ്‌നങ്ങളാണ് എന്നു തൊടുപുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പിന്നാലെ സിറിക് പറഞ്ഞിരുന്നു.
സിറിയക്കിന്റെ പിതൃസഹോദരനായിരുന്നു ബാബു ചാഴികാടന്‍. 1991 മേയ് 15-ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റു മരിക്കുന്നത്. ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു ബാബു. രമേശ് ചെന്നിത്തല പാര്‍ലമെന്റിലേക്കും മത്സരിക്കുന്നു.
സ്ഥാനാര്‍ഥികളായ ബാബു ചാഴികാടനും രമേശ് ചെന്നിത്തലയും തുറന്ന ജീപ്പില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു പൊടുന്നനെ ഇടിമിന്നല്‍ ഏല്‍ക്കുന്നത്. ഇടിയുടെ ആഘാദത്തില്‍ സ്ഥാനാര്‍ഥികള്‍ രണ്ടുപേരും തെറിച്ചു വീഴുന്നു .
രമേശ് ചെന്നിത്തലയെ പിടിച്ചു എഴുന്നേല്‍പ്പിച്ച് കാറിലേക്കു കൊണ്ടുവന്നു. ബാബു ബോധരഹിതനായിരുന്നു. ബാബുവിനെ എടുത്ത് കാറിന്റെ സീറ്റില്‍ കിടത്തി സി.പി.ആര്‍. കൊടുത്തു. രമേശ് ചെന്നിത്തല പെട്ടെന്നു മഴവെള്ളം കൈക്കുമ്പിളില്‍ എടുത്തു ബാബുവിനു കുടിക്കാന്‍ നല്‍കി.
പിന്നാലെ ബാബു മരണത്തിലേയ്ക്ക് പോകുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്‍പ് തോളോട് തോള്‍ ചേര്‍ന്ന് നിന്ന ബാബു മരിച്ചെന്ന വാര്‍ത്ത ചെന്നിത്തലയെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തി. എക്കാലവും നടുക്കുന്ന ഓര്‍മ്മകളാണ് ബാബുവിന്‍റെ മരണമെന്ന് ചെന്നിത്തല പറയാറുണ്ട്.
പിന്നീടായിരുന്നു ബാബുവിന് പകരക്കാരനായി തോമസ് ചാഴികാടന്‍ രാഷ്ട്രീയത്തില്‍ വരുന്നതും മറ്റുള്ള ചരിത്രങ്ങള്‍. തോമസ് ചാഴികാടന്‍ പാര്‍ലമെന്‍ററി രാഷ്ട്രീയം വിട്ട പിന്നാലെ ബാബു ചാഴികാടന്റെ കുടുംബത്തില്‍ നിന്നു പുതു തലമുറയില്‍പ്പെട്ട സിറിയക് തൊടുപുഴയില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത് പ്രവർത്തകർക്ക് ആവേശം പകരുന്നുണ്ട്. കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റാണ് സിറിയക്.
മണ്ഡലം പരിചയം ഇല്ലാത്ത ആളാണു സ്ഥാനാര്‍ഥി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും ചില കൃത്രിമ പോസ്റ്ററുകള്‍ വഴി നടക്കുന്നുണ്ട്. സിറിയക്കിന്റെ ജന്മനാടായ വെളിയന്നൂര്‍ പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലാണ് തൊടുപുഴയില്‍ പിജെ ജോസഫിന്‍റെ സ്വന്തം മണ്ഡലമായ പുറപ്പുഴ പഞ്ചായത്ത്.
എന്തായാലും ഇത്തരം വ്യക്തിഹത്യ ഇനിയുള്ള കാലം ചെലവാകില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം . ഉന്നത നേതാക്കള്‍ തന്നെ ഇടപെട്ട് അധിക്ഷേപം നിര്‍ത്തിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചടി ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന .


