Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി ട്രംപ്

ഇറാന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി ട്രംപ്

7
0

Source :- SIRAJLIVE NEWS

വാഷിംഗ്ടണ്‍ | ഇറാനെതിരായി ഇസ്്‌റാഈലും അമേരിക്കയും ചേര്‍ന്നു നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യത്തിനരികെയെന്ന് ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചതായും പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെയെത്തിയെന്നുമാണ് അവകാശ വാദം. ഇറാന്റെ ആണവശേഷി പൂര്‍ണമായി തകര്‍ത്തു. ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ഹോര്‍മൂസ് കടലിടുക്ക് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങള്‍ക്കാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാന്റെ സൈനിക ശേഷി അവസാനിപ്പിക്കുന്നതില്‍ അമേരിക്ക ലക്ഷ്യത്തിന് അടുത്തെത്തിയെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എതിരാളിയെ പൂര്‍ണമായി ഇല്ലാതാക്കുമ്പോള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആവശ്യമില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു.

അതിനിടെ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തുവന്നു. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ജനറല്‍ അബോള്‍ഫാസല്‍ ഷെക്കാര്‍ച്ചി പറഞ്ഞു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓര്‍മിപ്പിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്‌സ് പോസ്റ്റും പുറത്ത് വന്നു. വിയറ്റ്‌നാമില്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്.