Source :- SIRAJLIVE NEWS
മുംബൈ| കാമുകിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിര്‍ത്തതില്‍ മനംനൊന്ത് പോലീസ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തില്‍ ഭയ്യാ സാഹേബ് ഭീംറാവു വാവാലെ(32) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുംബൈ പോലീസില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. മാര്‍ച്ച് 15 നാണ് ഭയ്യാ സാഹേബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രണയ ബന്ധത്തെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ജീവനൊടുക്കണമെന്നും അല്ലെങ്കില്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
സംഭവത്തില്‍ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.



