Source :- SIRAJLIVE NEWS
തിരുവനന്തപുരം | കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്ന വി ഡി സതീശന്റെ പ്രഖ്യാപനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് വി ഡി സതീശന്‍ ക്ഷുഭിതനായത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുകയാണ്. എംപിമാര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞില്ല. അന്തിമ ചര്‍ച്ചകള്‍ക്കായി ഇന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ഇതിനിടെ എന്തുവന്നാലും നിയമസഭയിലേക്കു മത്സരിക്കുമെന്ന തീരുമാനത്തില്‍ കെ സുധാകരന്‍ ഒരുക്കങ്ങള്‍ ശക്തമാക്കി.
ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ട പട്ടികയില്‍ 60 ല്‍ ഏറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കെ സുധാകരന്‍ നാളെ ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. സുധാകരന്റെ ആവശ്യത്തിനു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുമെന്നാണ് സൂചന.
നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് മിക്ക മണ്ഡലങ്ങളിലും സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഒരു തിരക്കുമില്ലെന്നും കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണെന്നുമാണ് കെ പി സി സിപ്രസിഡന്റ് സണ്ണി ജോസഫ്പറയുന്നത.് തളിപ്പറമ്പില്‍ മാത്രമല്ല കേരളത്തിലാകെ സി പി എം അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എം പിമാര്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



