Source :- SIRAJLIVE NEWS
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്) ധൻബാദിൽ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള സമ്മർ റിസർച്ച് ഇന്റേൺഷിപ്പിന് (എസ് ആർ ഐ എസ്) അപേക്ഷ ക്ഷണിച്ചു. ബി ടെക്, എം ടെക്, എം എസ്‌സി, എം ബി എ വിദ്യാർഥികൾക്കുള്ള ദീർഘകാല ഗവേഷണ ഇന്റേൺഷിപ്പും ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, കാറ്റഗറി ഒന്ന് (ബി ടെക്), കാറ്റഗറി രണ്ട് (പി ജി വിദ്യാർഥികൾ) ഇന്റേൺഷിപ്പുകൾക്കുള്ള അപേക്ഷകൾ ഏപ്രിൽ 15 വരെ സ്വീകരിക്കും. അതേസമയം കാറ്റഗറി മൂന്ന് ലോംഗ് ടേം റിസർച്ച് ഇന്റേൺഷിപ്പിനുള്ള അപേക്ഷകൾ ഏപ്രിൽ 30 വരെ സമർപ്പിക്കാം.
അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും അപേക്ഷാ ഫീസ് രസീതും srip@iitism.ac.in എന്ന ഔദ്യോ ഗിക ഇമെയിലിൽ നിർദിഷ്ട സമയപരിധിക്കുള്ളിൽ സമർപ്പിക്കണം.
ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക്, ഇന്റേൺഷിപ്പ് കാലാവധി കുറഞ്ഞത് ഒരു മാസവും പരമാവധി രണ്ട് മാസവുമായിരിക്കും. ദീർഘകാല ഗവേഷണ ഇന്റേൺഷിപ്പുകൾ ആറ് മുതൽ 12 മാസം വരെ നീണ്ടുനിൽക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഫണ്ടഡ് വിഭാഗത്തിൽ, തിരഞ്ഞെടുത്ത ഇന്റേണുകൾക്ക് പ്രതിമാസം 5,000 രൂപ വീതം രണ്ട് മാസം വരെ സ്‌കോളർഷിപ്പ് ലഭിക്കും. ഫണ്ടിംഗ് ഏജൻസിയുടെ നിബന്ധനകൾ അനുസരിച്ച് പ്രൊജക്ട് ഫണ്ടഡ് ഇന്റേണുകൾക്ക് സാമ്പത്തിക സഹായം ലഭിച്ചേക്കാം. അതേസമയം സ്വയം ഫണ്ടഡ് ഇന്റേൺഷിപ്പുകൾക്ക് വകുപ്പുതല ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും നൽകുക.
അപേക്ഷാ ഫീസ്
അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ പേയ്മെന്റ് വഴി 500 രൂപ റീഫണ്ട് ചെയ്യാത്ത ഫീസ് അടക്കണം. ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കില്ല.
യോഗ്യതയും തിരഞ്ഞെടുപ്പും
സി ജി പി എ, പ്രസിദ്ധീകരണങ്ങൾ, അവാർഡുകൾ, ഗവേഷണ നിർദേശം, ശിപാർശ കത്തുകൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പ്രീ-ഫൈനൽ ഇയർ വിദ്യാർഥികൾക്ക് മുൻഗണന നൽകും.
ഐ ഐ ടികൾ, ഐ ഐ എസ്‌സി, ഐ ഐ എമ്മുകൾ, എൻ ഐ ടികൾ, ഐസറുകൾ, നൈസർ, ഐ ഐ ഇ എസ് ടി, കേന്ദ്ര സർവകലാശാലകൾ അല്ലെങ്കിൽ മറ്റ് ജി എഫ് ടി ഐകൾ എന്നിവയിൽ പഠിക്കുന്നവർക്ക് കുറഞ്ഞത് 7.5 സി ജി പി എ ഉണ്ടായിരിക്കണം. അതേസമയം, മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കുറഞ്ഞത് 8.0 സി ജി പി എ ഉണ്ടായിരിക്കണം.
ഇന്റേൺഷിപ്പിന്റെ അവസാനം ഇന്റേണുകൾ ചെയ്ത വർക്ക് അവലോകന സമിതിക്ക് മുന്നിൽ അവതരിപ്പിക്കണം. കമ്മിറ്റിയുടെ ശിപാർശയുടെയും ഹാജർ രേഖയുടെയും അടിസ്ഥാനത്തിൽ, അസ്സോസിയേറ്റ് ഡീൻ (ആർ ആൻഡ് ഡി) ഓഫീസ് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകും.
ഇന്റേൺഷിപ്പ് കാലയളവിൽ ലൈബ്രറി, സ്‌പോർട്‌സ് കോംപ്ലക്‌സ്, മെഡിക്കൽ സെന്റർ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഐ ഐ ടി (ഐ എസ് എം) ഇതര വിദ്യാർഥികൾക്ക് താത്കാലിക ഇൻസ്റ്റിറ്റ്യൂട്ട് ഐ ഡികൾ നൽകും.



