Source :- SIRAJLIVE NEWS
ദുബൈ | യു എ ഇ വിപണികളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ചില പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താത്കാലികമായി വില വര്‍ധിച്ചു. പ്രാദേശിക വിപണിയില്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് വില ഉയര്‍ന്നത്.
മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കാരണം ഷിപ്പിംഗ് ഗതാഗതത്തിലുണ്ടായ മാറ്റങ്ങളും ചരക്ക് കൂലിയിലുണ്ടായ വര്‍ധനവുമാണ് വില കൂടാന്‍ കാരണമായി പറയുന്നത്. കൂടാതെ റമസാന്‍ മാസം പ്രവേശിച്ചതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചതും വിപണിയെ ബാധിച്ചു.
എന്നാല്‍, വിപണിയില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും യാതൊരുവിധ ക്ഷാമവുമില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും സാമ്പത്തിക ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അനാവശ്യമായി വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മന്ത്രാലയം നടത്തിയ പരിശോധനയില്‍ വില വര്‍ധിപ്പിച്ച 449 സ്ഥാപനങ്ങള്‍ക്ക് ഇതിനകം മുന്നറിയിപ്പും പിഴയും നല്‍കിയിട്ടുണ്ട്. പച്ചക്കറി ചന്തകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പരിശോധനക്കായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ അനാവശ്യമായി സാധനങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും വില വര്‍ധനവ് ശ്രദ്ധയില്‍പ്പെട്ടാല്‍ 8001222 എന്ന നമ്പറില്‍ പരാതിപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. വിപണിയിലെ വിലനിലവാരം വരും ദിവസങ്ങളില്‍ സാധാരണ നിലയിലാകുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ രാജ്യത്തുടനീളം വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ച് 7,105 പരിശോധനകളാണ് നടത്തിയത്.
567 നിയമലംഘനങ്ങള്‍ കണ്ടെത്തി. യാതൊരു കാരണവുമില്ലാതെ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് ഇതില്‍ പ്രധാനം. ഇതേത്തുടര്‍ന്ന് വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും വില്‍പ്പന കേന്ദ്രങ്ങള്‍ക്കുമായി 449 മുന്നറിയിപ്പുകള്‍ നല്‍കി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളില്‍ നിന്നായി ആകെ 2,07,250 ദിര്‍ഹം പിഴ ഈടാക്കിയതായും മന്ത്രാലയം അറിയിച്ചു.



