Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ രാജ്യത്തെ എല്‍പിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. നിലവില്‍ എല്‍പിജി പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളില്‍ സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താന്‍ കേന്ദ്രം മൂന്നംഗ സമിതിയെ രൂപീകരിക്കുകയും ചെയ്തു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ പൂഴ്ത്തി വയ്പ് സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചെയ്യും.
നിലവില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം ഇല്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് എല്‍പിജി എത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ധന വരവ് നിലച്ചതോടെ ഗുജറാത്തിലെ സെറാമിക്, ടൈല്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ചിലത് പ്രവര്‍ത്തനം നിര്‍ത്തി. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും എല്‍പിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഇപ്പോഴുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എട്ടാഴ്ചത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളും ക്രൂഡ് ഓയിലും ഇന്ത്യയില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
പ്രതിസന്ധി മറികടക്കാന്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകള്‍ എത്തി തുടങ്ങി. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.



