Source :- SIRAJLIVE NEWS
തൃശൂര്‍ | പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് നാട്ടിക മണ്ഡലത്തിലെ സി പി ഐയുടെ എം എല്‍ എ സി സി മുകുന്ദന്‍. തന്നെ മാറ്റി പകരം മുന്‍ എം എല്‍ എ ഗീത ഗോപിക്കു സീറ്റ് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്തുവന്നു.
ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. ഗീത ഗോപിയ്ക്ക് പാര്‍ട്ടിക്കായി പണം പിരിച്ചു നല്‍കാന്‍ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ലെന്നും സി സി മുകുന്ദന്‍ എം എല്‍ എ പറഞ്ഞു. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാനുള്ള ശേഷി തനിക്കില്ല.
പാര്‍ട്ടിയിലെ വിഭാഗീയത കാരണം താന്‍ ഒഴിവാക്കപ്പെടുകയാണ്. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിര്‍ദ്ദേശിക്കാത്തതിന് പിന്നില്‍ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എം എല്‍ എമാര്‍ക്കും നല്‍കിയെന്നും തന്നെ മാത്രം പാര്‍ട്ടി ഒഴിവാക്കിയെന്നും സി സി മുകുന്ദന്‍ പറഞ്ഞു. മുന്‍ എംഎല്‍എ ഗീത ഗോപിക്കും പാര്‍ട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദന്‍ എം എല്‍ എ രംഗത്തുവന്നത് പാര്‍ട്ടിയെ കുഴക്കി.
സി പി ഐയോട് ഇടഞ്ഞ സി സി മുകുന്ദനുമായി കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുകുന്ദനുമായി സംസാരിച്ചു. സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ നീക്കവുമായി ബി ജെ പി സംസ്ഥാന നേതൃത്വവും മുകുന്ദനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. മുകുന്ദനെ കൈ വിടാതിരിക്കാനാണ് സിപിഐ നേതൃത്വത്തിന്റെ ശ്രമം. സിപിഐക്കൊപ്പം നിര്‍ത്താന്‍ നേതാക്കള്‍ ചര്‍ച്ച നടത്താനൊരുങ്ങുകയാണ്. ജനകീയനായ നേതാവാണ് എന്നതിനാലാണ് ഇരു മുന്നണികളും അദ്ദേഹത്തെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.



