Home LATEST NEWS malyalam പുതിയ വാർത്ത റമസാനില്‍ വിടചൊല്ലിയ വസന്തം

റമസാനില്‍ വിടചൊല്ലിയ വസന്തം

11
0

Source :- SIRAJLIVE NEWS

ജിപ്തുകാരുടെ സ്വന്തം ബീവി, സയ്യിദ നഫീസ (റ) യുടെ ഉറൂസ് പ്രമാണിച്ച് പഴയ കെയ്റോയുടെ തെരുവുകൾ ജനസാഗരമായിരുന്നു. ആ പള്ളിമുറ്റത്തേക്ക് ഇരമ്പിയെത്തിയ ജനസമുദ്രം അഹ്്ലുബൈത്തിനോടുള്ള അവരുടെ അടങ്ങാത്ത സ്‌നേഹത്തിന്റെ നേർക്കാഴ്ചയായിരുന്നു. വിദൂര ഗ്രാമങ്ങളിൽ നിന്നുപോലും ലക്ഷക്കണക്കിന് പ്രവാചക പ്രേമികളാണ് അന്നേ ദിവസം ബീവിയുടെ ചാരത്തേക്ക് ഒഴുകിയെത്തിയത്. തെരുവീഥികളിലാകെ വർണാഭമായ വലിയ തമ്പുകൾ (ഖയ്യാമിയ) ഉയർന്നു. രാപ്പകലുകളുടെ വ്യത്യാസമില്ലാതെ എങ്ങും സൂഫി സംഗീതത്തിന്റെ ഈരടികളും ബുർദയുടെ ശീലുകളും മദ്ഹ് ഗീതങ്ങളും അലയടിച്ചുകൊണ്ടിരുന്നു. സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിയ ആ രാവുകളിൽ, പാവപ്പെട്ടവർക്കും സന്ദർശകർക്കുമായി മാംസവും റൊട്ടിയും മധുരപലഹാരങ്ങളും നിറച്ച വലിയ സ്‌നേഹവിരുന്നുകൾ (നഫ്ഹ) ഒരുക്കിക്കൊണ്ടാണ് ഈജിപ്തുകാർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉറൂസ് ഗംഭീരമാക്കിയത്.

മഹതി ലോകത്തോട് വിടപറഞ്ഞ റമസാൻ 15ന്, മറ്റൊരു ഭാവമാണ്. ഉറൂസ് കാലത്ത് നടന്ന വലിയ ഉത്സവപ്രതീതിയോ ശബ്ദഘോഷങ്ങളോ ഇല്ലാതെ വളരെ ശാന്തമായാണ് ഈജിപ്തുകാർ വഫാത്ത് ദിനത്തെ വരവേൽക്കുന്നത്. ഇതിന് പിന്നിൽ അവരുടെ സംസ്‌കാരത്തിന്റെ വലിയൊരു സവിശേഷതയുണ്ട്. ഈജിപ്തുകാരെ സംബന്ധിച്ച് “മൗലിദ്’ എന്നത് മഹതിയുടെ ജീവിതത്തെ ആഹ്ലാദത്തോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. എന്നാൽ “വഫാത്ത്’ ദിനമാകട്ടെ, അങ്ങേയറ്റം ആദരവോടെയും ഗൗരവത്തോടെയും ആചരിക്കേണ്ട വിയോഗത്തിന്റെ ഓർമപ്പെടുത്തലാണ്. വലിയ ആഘോഷങ്ങളേക്കാൾ ആത്മീയമായ ഒരു നിശബ്ദതയാണ് വഫാത്ത് ദിനത്തിന്റെ പ്രത്യേകത.

മാത്രമല്ല, പവിത്രമായ റമസാൻ മാസത്തിലാണ് ഈ വഫാത്ത് ദിനം കടന്നുവരുന്നത് എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു. പകൽ സമയം മുഴുവൻ നോമ്പിലായതിനാൽ വലിയ ആഘോഷങ്ങളോ പകലിലെ ഭക്ഷണവിതരണമോ ഇപ്പോൾ സാധ്യമല്ല. പകരം പള്ളിയുടെ ഓരോ കോണിലും ഖുർആൻ പാരായണം ചെയ്തും, മഖാമിന്റെ വെള്ളി അഴികളിൽ പിടിച്ച് കണ്ണീരോടെ പ്രാർഥനകളിൽ മുഴുകിയുമാണ് അവർ ഈ ദിനത്തെ ധന്യമാക്കുന്നത്. ആഘോഷങ്ങൾക്ക് പകരം വൈകുന്നേരങ്ങളിൽ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കാൻ ഇവർ മത്സരിക്കുന്നു. ത്യാഗനിർഭരമായ ജീവിതത്തിലൂടെ വിജയസോപാനത്തിലേറിയ മഹതിയുടെ ജീവിത വഴികളിലൂടെ അന്നേ ദിവസം വിശ്വാസികൾ സഞ്ചരിക്കും.

ഹിജ്‌റ 145ൽ മക്കയിലാണ് സയ്യിദ നഫീസ (റ) ജനിക്കുന്നത്. പിന്നീട് പിതാവ് അൽ ഹസനുൽ അൻവർ കുടുംബസമേതം മദീനയിലേക്ക് താമസം മാറി. കുട്ടിയായിരിക്കെ, പിതാവ് നഫീസ ബീവിയുടെ കൈപിടിച്ച് ദിവസവും റൗളാ ശരീഫിലേക്ക് പോകുമായിരുന്നു. “ഓ… നബിയേ… ഞാനെന്റെ മകളെ ഇഷ്ടപ്പെടുന്നു’ എന്ന് അദ്ദേഹം അവിടെ വെച്ച് പറയുമായിരുന്നു. ഒരിക്കൽ മുത്ത് നബി (സ) അദ്ദേഹത്തിന്റെ സ്വപ്നത്തിൽ വന്ന് പറഞ്ഞു: “യാ ഹസൻ, നിങ്ങൾ അവളെ ഇഷ്ടപ്പെടുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ മകളെ ഇഷ്ടപ്പെടുന്നു. ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് അല്ലാഹുവും നിങ്ങളുടെ മകളെ ഇഷ്ടപ്പെടുന്നു.’ മദീനയിലുള്ള കാലമത്രയും ബീവി മദീന വിട്ട് എവിടെയും പോയിരുന്നില്ല; അവരുടെ സമയത്തിന്റെ ഭൂരിഭാഗവും തിരുനബി (സ) യുടെ ഹറമിലായിരുന്നു ചെലവഴിച്ചിരുന്നത്.

വിവാഹപ്രായമെത്തുന്നതിന് മുമ്പ് തന്നെ മദീനയിലെ പണ്ഡിതന്മാരിൽ നിന്ന് കർമശാസ്ത്രവും ഹദീസും അവർ ആഴത്തിൽ പഠിച്ചു. ജനങ്ങൾ അവരെ ആദരവോടെ ‘നഫീസത്തുൽ ഇൽമ്’ (അറിവിന്റെ നഫീസ) എന്നാണ് വിളിച്ചിരുന്നത്. പതിനാറ് വയസ്സായപ്പോൾ അവരുടെ ആരാധനയും ജീവിതശൈലിയും കണ്ട് പലരും വിവാഹാലോചനയുമായി വന്നെങ്കിലും പിതാവ് സമ്മതിച്ചില്ല. അപ്പോഴാണ് ജഅ്ഫർ സാദിഖ് (റ) വിന്റെ പൗത്രനായ ഇസ്ഹാഖുൽ മുഅ്തമിൻ വിവാഹാലോചനയുമായി വരുന്നത്. പിതാവ് മറുപടി പറയാതെ വന്നപ്പോൾ, ഇസ്ഹാഖ് (റ) റൗളയിൽ പോയി നബി (സ) യോട് സങ്കടം പറഞ്ഞു. അന്ന് രാത്രി നബി (സ) പിതാവ് ഹസൻ (റ) വിന്റെ സ്വപ്നത്തിൽ വന്ന് ഇസ്ഹാഖുൽ മുഅ്തമിന് നഫീസയെ വിവാഹം ചെയ്തുകൊടുക്കാൻ നിർദേശിക്കുകയായിരുന്നു.

നഫീസ ബീവിക്ക് നാൽപ്പത് വർഷം സേവനം ചെയ്ത സൈനബ എന്നവരോട് ബീവിയുടെ ഭക്ഷണ- ആരാധനാ രീതികളെക്കുറിച്ച് ഒരിക്കൽ ചോദിക്കപ്പെട്ടു. സൈനബയുടെ മറുപടി ചരിത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: “രാത്രിയിൽ അവർ ഉറങ്ങുന്നതായോ, പകലിൽ നോമ്പില്ലാത്ത രീതിയിലോ ഞാൻ കണ്ടിട്ടില്ല. ശരീരത്തോട് അൽപ്പം ദയ കാണിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ ബീവി പറഞ്ഞു; “എന്റെ മുമ്പിൽ മുറിച്ചുകടക്കാൻ ധാരാളം കടമ്പകളുണ്ട്, വിജയിച്ചവർക്കേ അത് സാധിക്കൂ’. മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ ബീവി ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും നിസ്‌കരിക്കുന്ന സ്ഥലത്ത് തൂക്കിയിട്ട കുട്ടയിൽ നിന്ന്. അത്ഭുതകരമാംവിധം ആ കുട്ടയിൽ അവർക്ക് ആവശ്യമുള്ളത് ഉണ്ടാകുമായിരുന്നു. ഭർത്താവിന്റെ ഭക്ഷണമല്ലാതെ മറ്റാരുടേതും അവർ കഴിച്ചിരുന്നില്ല.’ വളരെ സമ്പത്തുള്ള മഹതിയായിരുന്നിട്ടും, അത് മുഴുവൻ രോഗികൾക്കും തളർവാതം പിടിച്ചവർക്കും പാവപ്പെട്ടവർക്കുമായി അവർ ദാനം ചെയ്തു. കാൽനടയായി കൂടുതൽ ദൂരവും പിന്നിട്ടുകൊണ്ട് 30 തവണയാണ് അവർ ഹജ്ജ് കർമം നിർവഹിച്ചത്. കഅബയുടെ കില്ല പിടിച്ച് കരഞ്ഞുകൊണ്ട് അവർ പ്രാർഥിക്കുമായിരുന്നു: “അല്ലാഹുവേ, നിനക്ക് എന്നോടുള്ള തൃപ്തി കൊണ്ട് എന്നെ സന്തോഷിപ്പിക്കണേ.’

ഹിജ്‌റ 193 റമസാൻ 26 ശനിയാഴ്ചയാണ് ബീവി മിസ്‌റിൽ എത്തുന്നത്. സന്ദർശകരുടെ തിരക്ക് വർധിച്ചപ്പോൾ ഭരണാധികാരി ഇടപെട്ട് സന്ദർശകർക്കായി ആഴ്ചയിൽ രണ്ട് ദിവസം (ശനി, ബുധൻ) നിശ്ചയിച്ചു നൽകി. ഇമാം ശാഫിഈ (റ) ഈജിപ്തിൽ എത്തിയപ്പോൾ ബീവിയുമായി വലിയ ആത്മബന്ധം സ്ഥാപിച്ചു. അദ്ദേഹവും കൂട്ടുകാരും വലിയ ബഹുമാനത്തോടെയാണ് ബീവിയുടെ സമീപത്ത് ഇരുന്നിരുന്നത്. ഇമാം ശാഫിഈ (റ) വിന്റെ മരണശേഷം, അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം ജനാസ ബീവിയുടെ വീട്ടിൽ കൊണ്ടുപോവുകയും അവർ അവിടെ വെച്ച് മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്തു. ഇമാം ശാഫിഈ വഫാത്തായി നാല് വർഷത്തിന് ശേഷമാണ് ബീവി വിടപറയുന്നത്. അതിനിടയിൽ, ഇമാം ശാഫിഈയുടെ മയ്യിത്ത് വെച്ച അതേ സ്ഥലത്ത്, ബറകത്ത് ആഗ്രഹിച്ച് ബീവി സ്വന്തമായി തനിക്കൊരു ഖബർ കുഴിക്കുകയും അതിലിരുന്ന് ധാരാളം ഖുർആൻ ഖത്മുകൾ ഓതിത്തീർക്കുകയും ചെയ്തിരുന്നു.

റജബ് മാസത്തിൽ തുടങ്ങിയ രോഗം റമസാനായപ്പോഴേക്കും ശക്തമായി. നോമ്പ് മുറിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ ബീവി നൽകിയ മറുപടി അവരുടെ ഇലാഹീ സ്‌നേഹത്തിന്റെ നേർചിത്രമാണ്: “എന്നെത്തൊട്ട് ഈ വൈദ്യനെ ഒന്ന് മാറ്റൂ… എന്റെ സ്‌നേഹനിധിയായ റബ്ബിന്റെ അടുത്തേക്ക് എന്നെ വിടൂ. മുപ്പത് കൊല്ലമായി ഞാൻ റബ്ബിനോട് നോമ്പുകാരിയായി മരിക്കാൻ ദുആ ചെയ്യുന്നു. ഇനിയാണോ ഞാൻ അത് മുറിക്കേണ്ടത്?’ അങ്ങനെ ഹിജ്‌റ 208 റമസാൻ 15 ന് ആ പവിത്രമായ ആത്മാവ് നാഥനിലേക്ക് യാത്രയായി. തന്റെ മരണാനന്തര കർമങ്ങൾ ഭർത്താവ് മാത്രം ചെയ്യണമെന്നായിരുന്നു വസിയ്യത്ത്. വിവരമറിഞ്ഞ് ഭർത്താവ് മിസ്‌റിൽ എത്തിയപ്പോഴേക്കും നാടാകെ അവിടെ ഒരുമിച്ചുകൂടിയിരുന്നു. ആ രാത്രിയിൽ ഈജിപ്തിലെ ഓരോ വീടുകളിൽ നിന്നും കൂട്ടക്കരച്ചിലുകൾ ഉയർന്നു. മൃതദേഹം മദീനയിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് ആഗ്രഹിച്ചെങ്കിലും, ഈജിപ്തുകാരുടെ കണ്ണീരിനു മുന്നിൽ അദ്ദേഹം വഴങ്ങുകയായിരുന്നു. പിന്നീട് മക്കളായ ഖാസിമിനെയും ഉമ്മു കുൽസുവിനെയും കൂട്ടി അദ്ദേഹം മദീനയിലേക്ക് മടങ്ങി.