Home LATEST NEWS malyalam പുതിയ വാർത്ത ഇറാന്‍ യുദ്ധത്തിന് അമേരിക്കന്‍ സെനറ്റിന്റെ പിന്തുണ; കൂടുതല്‍ കരുത്തനായി ട്രംപ്

ഇറാന്‍ യുദ്ധത്തിന് അമേരിക്കന്‍ സെനറ്റിന്റെ പിന്തുണ; കൂടുതല്‍ കരുത്തനായി ട്രംപ്

4
0

Source :- SIRAJLIVE NEWS

വാഷിംഗ്ടണ്‍ | ഇറാന്‍ യുദ്ധത്തിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ സെനറ്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൂടുതല്‍ കരുത്തനായ ട്രംപ് ഇറാനെതിരെ നടപടികള്‍ കടുപ്പിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 100 അംഗ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 52-നെതിരെ 47 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. യുദ്ധാധികാര പ്രമേയം വഴി പ്രസിഡന്റിന്റെ സൈനിക നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിന്റെ യുദ്ധ നയത്തിന് അനുകൂലമായ നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്. മേഖലയിലെ സമാധാനത്തിന് ഇറാന്‍ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്റെ വാദത്തെ സെനറ്റ് ശരിവെക്കുകയായിരുന്നു. സൈനിക നടപടികള്‍ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ലഭിച്ച ഈ പിന്തുണ ട്രംപ് ഭരണകൂടത്തിന് വലിയ ആശ്വാസമാണ്. ആയുധശേഖരത്തെക്കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും രാജ്യത്തിനകത്ത് ചര്‍ച്ചകള്‍ സജീവമാണെങ്കിലും നിയമനിര്‍മ്മാണ സഭയുടെ പിന്തുണയോടെ ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം.

ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വന്‍ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കന്‍ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ അവകാശപ്പെട്ടു. യുദ്ധമുന്നണിയില്‍ കാര്യങ്ങള്‍ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തില്‍ എത്ര മാര്‍ക്ക് നല്‍കും എന്ന ചോദ്യത്തിന് താന്‍ പതിനഞ്ച് മാര്‍ക്ക് നല്‍കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.