Source :- SIRAJLIVE NEWS
തിരുവനന്തപുരം | ശബരിമല കൊടിമരം സ്വര്‍ണം പൊതിഞ്ഞതിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഇന്നലെ പ്രത്യേക സംഘത്തിനു മുമ്പാകെ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവ് ഉള്‍പ്പെടെ സുരേഷ് ഗോപി മൊഴി നല്‍കി.
27 പേരാണ് സംഭാവന നല്‍കിയത്. ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഇനി മൊഴി നല്‍കാനുഉളത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നിന്നു ശേഖരിച്ച സാമ്പിളുകള്‍ ലാബിലേക്കയക്കാന്‍ എസ് ഐ ടി ഇന്ന് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യു ഡി എഫ് ഭരിച്ച കാലത്താണ് കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചെന്ന് രേഖയുണ്ടാക്കി പുതിയ കൊടിമരം സ്ഥാപിച്ചത്.
നടന്‍ മോഹന്‍ലാലിന്റെയടക്കം കൂടുതല്‍ സിനിമ പ്രവര്‍ത്തകരുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. സ്വര്‍ണം നല്‍കിയ 19 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക തിരക്ക് കാരണംസുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്താനായിരുന്നില്ല. സിനിമാ സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
നാണയമായി സ്വര്‍ണം നല്‍കിയെന്നാണ് മൊഴി. അഭിഭാഷക കമ്മിഷനായിരുന്ന എ എസ് പി കുറുപ്പിനെ സ്വര്‍ണം ഏല്‍പ്പിച്ചു. നല്‍കിയ സ്വര്‍ണത്തിന്റെ കണക്കും ഇവര്‍ വെളിപ്പെടുത്തി. കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് ആകെ വേണ്ടിവന്ന 9,573 ഗ്രാം സ്വര്‍ണത്തില്‍ 412.010 ഗ്രാം 27 ഭക്തരില്‍ നിന്നുള്ള സംഭാവനയായിരുന്നു. ഇതെല്ലാം സ്വീകരിച്ചത് കുറുപ്പിന്റെ നേതൃത്വത്തിലാണ്.
2017ല്‍ നടന്ന കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വര്‍ണം സ്വീകരിച്ചതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



