Source :- SIRAJLIVE NEWS
ഡൊണാള്‍ഡ് ട്രംപിന് യു എസ് പരമോന്നത കോടതിയില്‍ നിന്ന് കിട്ടിയ ചെകിടടപ്പനടി അദ്ദേഹത്തിന് മാത്രമുള്ളതല്ല. തീവ്രദേശീയത കത്തിച്ചുവിട്ട് ഭരണഘടനക്ക് മുകളില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ളതാണ്. മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗാ) എന്ന ട്രംപിന്റെ മുദ്രാവാക്യം ആഗോള മര്യാദകള്‍ക്ക് മേലുള്ള ചാവേറാക്രമണമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു യു എസ് സുപ്രീം കോടതി. ട്രംപിന്റെ തീരുവനയം തീര്‍ത്തും നിയമവിരുദ്ധമാണെന്ന വിധി യു എസ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ജുഡീഷ്യല്‍ ഇടപെടലാണ്. ലോക സാമ്പത്തികക്രമത്തിന് മേല്‍ ട്രംപ് തൊടുത്തുവിട്ട കൂട്ട നശീകരണ ആയുധമായിരുന്നു പ്രതികാരച്ചുങ്കം. റെസിപ്രോക്കല്‍ ചുങ്കം എന്ന ഓമനപ്പേരില്‍ ട്രംപ് നടപ്പാക്കിയ തീരുവനയത്തിന്റെ ഭാഗമായി, ബന്ധുക്കളെന്നോ ശത്രുക്കളെന്നോ വ്യത്യാസമില്ലാതെ സര്‍വ രാജ്യങ്ങള്‍ക്ക് മേലും യാതൊരു ന്യായീകരണത്തിനും സാധ്യതയില്ലാത്ത താരിഫ് നിരക്ക് അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെ ഏകപക്ഷീയ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോ? പ്രസിഡന്‍ഷ്യല്‍ അധികാരം മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാകുമോ? യു എസ് പ്രസിഡന്റ്പദവിയിലിരിക്കുന്ന ഒരാള്‍ക്ക് ആഗോള ബന്ധത്തിന് വിഘാതമാകുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈകൊള്ളാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങളാണ് യു എസ് പരമോന്നത കോടതി പരിഗണിച്ചത്. രാജ്യത്തെ വൈന്‍ കമ്പനി തുടങ്ങിവെച്ച നിയമ പോരാട്ടത്തില്‍ 12 സ്റ്റേറ്റുകളും അനേകം സിവില്‍ സൊസൈറ്റി സംഘങ്ങളും വ്യാപാര, വാണിജ്യ പ്രമുഖരും അണിചേര്‍ന്നതോടെ യു എസ് ജനതയുടെ പൊതുവികാരമായി താരിഫ് യുദ്ധവിരുദ്ധ നിയമ പോരാട്ടം മാറുകയായിരുന്നു.
ത്രിതല പ്രഹരം
മൂന്ന് തലത്തില്‍ അടിയേറ്റ് വീണു കിടക്കുകയാണ് ട്രംപ്. യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡില്‍ നിന്നാണ് ആദ്യ പ്രഹരമേറ്റത്, 2025 മേയ് 28ന്. ഈ കോടതി ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ ഭൂരിഭാഗവും അസാധുവാക്കി. ട്രംപിന്റെ താരിഫ് നയം ഭരണഘടനാവിരുദ്ധമാണെന്നും നയം ഒറ്റയടിക്ക് മാറ്റാന്‍ പ്രസിഡന്റിന് നിയമപരമായ അവകാശമില്ലെന്നും മൂന്നംഗ ബഞ്ച് വിധിച്ചു. 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐ ഇ ഇ പി എ) പ്രകാരമുള്ള അധികാരമാണ് ട്രംപ് പ്രയോഗിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന തീരുമാനങ്ങളല്ല ട്രംപ് കൈക്കൊണ്ടത്. യു എസ് കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നികുതി ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. വ്യാപാര ചര്‍ച്ചകളെ മുന്‍നിര്‍ത്തി കോടതിയെ സമ്മര്‍ദത്തിലാക്കാനാണ് ട്രംപിന്റെ അഭിഭാഷകര്‍ ശ്രമിച്ചത്. ചൈന പോലും അമേരിക്കന്‍ മേല്‍ക്കൈ അംഗീകരിക്കുന്ന നിലയിലാണ് വ്യാപാര ചര്‍ച്ച മുന്നോട്ട് പോകുന്നതെന്നും ജൂണോടെ എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാകുമെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു വിധി പുറപ്പെടുവിക്കരുതെന്നും അഭിഭാഷകര്‍ വാദിച്ചു നോക്കി. ഇന്ത്യാ- പാക് സംഘര്‍ഷത്തെ പോലും പ്രതികാരച്ചുങ്കത്തിന് ന്യായീകരണമായി ട്രംപ് ഉപയോഗിച്ചു. ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന ഭീഷണിയുയര്‍ത്തിയാണ് ട്രംപ് ഇന്ത്യയെയും പാകിസ്താനെയും വരുതിയിലാക്കിയതെന്ന് തട്ടിവിട്ടു. എന്നാല്‍ കോടതി ഈ വാദങ്ങളെല്ലാം ചവറ്റുകൊട്ടയിലെറിഞ്ഞു. ഐ ഇ ഇ പി എ അനിയന്ത്രിതമായ അധികാരം പ്രസിഡന്റിന് നല്‍കുന്നില്ലെന്ന നിലപാടില്‍ കോടതി ഉറച്ച് നിന്നു. അസാധാരണവും അതിശക്തവുമായ ഭീഷണിയുടെ ഘട്ടത്തില്‍ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഈ നിയമമെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടത്തില്‍ പോലും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കാന്‍ യു എസ് കോണ്‍ഗ്രസ്സിന് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങള്‍ ഇതിലേക്ക് കടന്നുകയറരുത്. നിയമനിര്‍മാണ സഭകളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ബഞ്ച് തീര്‍ത്ത് പറഞ്ഞു. ഈ വിധി ചോദ്യം ചെയ്ത് ട്രംപ് കോര്‍ട്ട് ഓഫ് അപ്പീല്‍സിനെ സമീപിച്ചു. അവിടെയും തോറ്റു. എന്നാല്‍, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചതോടെ തീരുവകള്‍ ഈടാക്കുന്നത് തത്കാലം തുടരാന്‍ കോടതി അനുവദിച്ചു. സുപ്രീം കോടതിയില്‍ നിന്ന് കേസില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ്. ഇന്ത്യയും ചൈനയും അവരുടെ ഉത്പന്നങ്ങള്‍ യു എസില്‍ ഡംപ് ചെയ്യുകയാണെന്നും അവരെ പാഠം പഠിപ്പിച്ചില്ലെങ്കില്‍ യു എസ് ദരിദ്ര രാജ്യമായി മാറുമെന്നും ട്രംപ് വാദിച്ചു. നാണം കെട്ട രാജ്യമായി യു എസ് മാറണമെന്നാണോ കോടതി ആഗ്രഹിക്കുന്നതെന്ന വൈകാരിക ചോദ്യവും ഉന്നയിച്ചു. ഇതൊന്നും കോടതി മുഖവിലക്കെടുത്തില്ല. സമ്പൂര്‍ണ മേധാവിയായി സിഹാസനത്തിലിരുന്ന് ലോകം മുഴുവന്‍ നിയന്ത്രിക്കാമെന്ന ട്രംപിന്റെ അധികാരപ്രമത്തതക്കാണ് കോടതി കടിഞ്ഞാണിട്ടിരിക്കുന്നത്. നിയമവാഴ്ചക്ക് മുകളില്‍ ആരും കസേരയിട്ടിരിക്കേണ്ടെന്ന കൃത്യമായ സന്ദേശം. ട്രംപിന് മുന്നില്‍ ഇനിയും വഴികളുണ്ട്. പുതിയ ഉത്തരവുകളിറക്കി താരിഫ് കൂട്ടാം. അപ്പോഴും കോടതിയുടെ ചുറ്റികയെ ഭയക്കേണ്ടി വരും.
ഇന്ത്യയുടെ വിഡ്ഢിത്തം
പ്രതികാരച്ചുങ്കം പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിനെ ലിബറേഷന്‍ ഡേ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. പക്ഷേ, സ്വന്തം വ്യാപാര പങ്കാളികള്‍ തന്നെ ശക്തമായ പ്രതികരണവുമായി രംഗത്തുവരികയും ബ്രിക്സ്, ഇ യു അടക്കമുള്ള കൂട്ടായ്മകള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആരായാകയും ചെയ്തതോടെ ട്രംപിന് പലവട്ടം യൂ ടേണെടുക്കേണ്ടി വന്നു. ചൈനക്ക് മേല്‍ പ്രയോഗിച്ച ആയുധം ബൂമറാംഗായി ട്രംപിന് മേല്‍തന്നെ പതിച്ചു. ഇരുരാജ്യങ്ങളും ഒരുഘട്ടത്തില്‍ പ്രതികാരതീരുവ 150 ശതമാനത്തില്‍ വരെ എത്തിച്ചു. ഒടുവില്‍, സമവായ ചര്‍ച്ചക്ക് കീഴൊതുങ്ങാന്‍ ട്രംപ് നിര്‍ബന്ധിതനായി. ഈ ചര്‍ച്ചകളിലെല്ലാം വല്ലാത്തൊരു കൗശലം പ്രയോഗിക്കാനാണ് ട്രംപ് ശ്രമിച്ചത്. അദ്ദേഹം തന്നെ കയറ്റിവെച്ച തീരുവ നിരക്കില്‍ നിന്ന് ഇളവ് മുന്നോട്ടുവെച്ചാണ് രാജ്യങ്ങളെ അദ്ദേഹം വരുതിയില്‍കൊണ്ടുവരാന്‍ നോക്കിയത്. എന്നാല്‍ യു എസ് കോടതിയുടെ വരാനിരിക്കുന്ന വിധി മുന്‍നിര്‍ത്തി ചൈനയും കാനഡയും മെക്സിക്കോയും ബംഗ്ലാദേശ് പോലും വിലപേശി. അതിന്റെ ഗുണം അവര്‍ക്കുണ്ടാകുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യയാണ് ഏറ്റവും വലിയ വിഡ്ഢിത്തം കാണിച്ചത്. കോടതി വിധി വരും വരെ കാത്തിരിക്കാതെ തീര്‍ത്തും വശം ചെരിഞ്ഞ കരാറിന് ഇന്ത്യ തലവെച്ചു കൊടുത്തു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി പ്രഖ്യാപിച്ചത് ട്രംപ്. ഇന്ത്യന്‍ കയറ്റുമതിക്ക് യു എസ് താരിഫ് 18 ശതമാനമായി കുറക്കുമെന്ന് വലിയ കാര്യമായി അവതരിപ്പിച്ചതും ട്രംപ്. യു എസ് വ്യാവസായിക ഉത്പന്നങ്ങള്‍ക്കും വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മേലുള്ള താരിഫ് ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുമെന്ന് ഇന്ത്യ സമ്മതിക്കുകയും ചെയ്തു. ഇന്ത്യന്‍ കര്‍ഷകരുടെ ജീവന്റെ വിലയുണ്ട് ഈ കരാറിന്.
ഓഒടുവില്‍ എവിടെയെത്തി? ഇന്ത്യയെ ഭയപ്പെടുത്താന്‍ ട്രംപ് പ്രയോഗിച്ച 50 ശതമാനം താരിഫ് കോടതി വിലക്കിയതോടെ, താരിഫ് യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള മൂന്നര ശതമാനം നികുതിയിലേക്ക് പോകാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് കൈവന്നത്. വ്യാപാര കരാറിന് തലവെച്ച് കൊടുക്കുക വഴി ആ അവസരം ഇന്ത്യ കളഞ്ഞു കുളിച്ചിരിക്കുന്നു. ഇനി വ്യാപാര കരാറില്‍ നിലവില്‍ വന്ന 18 ശതമാനം നികുതി നല്‍കേണ്ടിവരുമോ? കോടതി വിധിക്ക് പിറകേ ട്രംപ് പ്രഖ്യാപിച്ച പത്ത് ശതമാനത്തിലേക്ക് താഴുമോ? കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ഇറക്കുമതി കരാറില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്‍വാങ്ങുമോ? ഒന്നിനുമില്ല ഒരു നിശ്ചയവും.



