Source :- SIRAJLIVE NEWS
ബെയ്‌റൂട്ട് | ലെബനനിലെ കിഴക്കന്‍ ബെക്കാ താഴ്വരയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അധികൃതരും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.
ഹിസ്ബുള്ളയുടെ ‘കമാന്‍ഡ് സെന്ററുകള്‍’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഹുസൈന്‍ യാഗിയും ഉള്‍പ്പെടും. മുന്‍ ഹിസ്ബുള്ള എംപി മുഹമ്മദ് യാഗിയുടെ മകനാണ് ഇദ്ദേഹം.
ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഈ മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നാണിത്.
2024-ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്‌റാഈലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഈ ആക്രമണം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ ആക്രമണത്തിന് തൊട്ടുമുമ്പ്, സിദോനിലെ ഒരു ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.



