Home LATEST NEWS malyalam പുതിയ വാർത്ത യാത്രക്കുരുക്ക് കുറക്കാൻ അജ്മാൻ നഗരം ഉടച്ചുവാർക്കുന്നു

യാത്രക്കുരുക്ക് കുറക്കാൻ അജ്മാൻ നഗരം ഉടച്ചുവാർക്കുന്നു

8
0

Source :- SIRAJLIVE NEWS

അജ്മാൻ | താമസക്കാരുടെ യാത്രാ സമയം കുറക്കുന്നതിനും കാറുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനുമായി നഗരപ്രദേശങ്ങളിൽ വിപുലമായ പുനർനിർമാണ പദ്ധതിയുമായി അജ്മാൻ. സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി നിത്യജീവിതത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും 15 മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി പുതിയ സംയോജിത അർബൻ പ്ലാൻ വിലയിരുത്തി.

നഗരത്തിന്റെ വികസനം ചിതറിക്കിടക്കുന്നതിന് പകരം നിശ്ചിത കേന്ദ്രങ്ങളിൽ കേന്ദ്രീകരിക്കുന്ന രീതിയിലാണ് പുതിയ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്കുള്ള യാത്ര കുറക്കാനും അടിസ്ഥാന സൗകര്യങ്ങൾക്കുമേലുള്ള സമ്മർദം ലഘൂകരിക്കാനും സഹായിക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ മുഹമ്മദ് അഹ്്മദ് ബിൻ ഉമൈർ അൽ മുഹൈരി പറഞ്ഞു. വെറും റോഡ് വികസനം മാത്രമല്ല മറിച്ച് ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗവും കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഗതാഗത സംവിധാനവുമാണ് പദ്ധതിയുടെ കാതലെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമിത ബുദ്ധി (എ ഐ), ഡാറ്റാ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഭാവിയിലെ ഗതാഗത തിരക്ക് മുൻകൂട്ടി കാണുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും. പൊതുഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവക്ക് മുൻഗണന നൽകുന്ന രീതിയിലായിരിക്കും മാറ്റങ്ങൾ. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള പഴയ നഗരഭാഗങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള നിർദേശങ്ങളും പുതിയ പ്ലാനിലുണ്ട്. നഗരത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ആധുനിക സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ജനസംഖ്യാ വർധനവ് കണക്കിലെടുത്ത് ഹരിത ഇടങ്ങൾ സംരക്ഷിച്ചും സുസ്ഥിരത ഉറപ്പാക്കിയുമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.