Home LATEST NEWS malyalam പുതിയ വാർത്ത മുസ്‌ലിം വിദ്വേഷവും വിളവെടുപ്പും

മുസ്‌ലിം വിദ്വേഷവും വിളവെടുപ്പും

3
0

Source :- SIRAJLIVE NEWS

അസമിലെ മുസ്‌ലിംകള്‍ കടന്നുപോകുന്നത് സങ്കീര്‍ണമായ വഴികളിലൂടെയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മനോനില മുസ്‌ലിംകളെ ഏതു വിധേനയും ഇല്ലാതാക്കണമെന്ന രീതിയിലെത്തിയിരിക്കുകയാണ്. മുസ്‌ലിംപണ്ഡിത വേഷം ധരിച്ച മധ്യവയസ്‌കനും മുസ്‌ലിം യുവാവിനും നേരെ തോക്കുചൂണ്ടുന്ന മുഖ്യമന്ത്രി ശര്‍മയുടെ എ ഐ വീഡിയോ ബി ജെ പിയുടെ ഔദ്യോഗിക സൈറ്റില്‍ പോസ്റ്റ് ചെയ്തത് തമാശക്കല്ല. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്,’ ‘വിദേശിയെ സ്വതന്ത്രമാക്കിയ അസം’, ‘നിങ്ങള്‍ എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ല?’ എന്നീ അടിക്കുറിപ്പോടെയാണ് ക്ലിപ്പ് പോസ്റ്റ് ചെയ്തത്. ഈ ക്ലിപ്പിലൂടെ അസം മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം ഒന്നുകില്‍ മുസ്‌ലിംകള്‍ രാജ്യം വിടണം, അല്ലെങ്കില്‍ വെടിവെച്ചുകൊല്ലും എന്നാണ്.

ഹിമന്ത ബിശ്വ ശര്‍മ മുഖ്യമന്ത്രിയായതു മുതല്‍ മുസ്‌ലിംകളുടെ വസ്തുവകകളും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു കൊണ്ടിരിക്കുകയാണ്. മദ്റസകള്‍ അടച്ചുപൂട്ടുകയോ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയോ ചെയ്തു. മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ നിന്ന് അവരുടെ പേര് വ്യാപകമായി നീക്കുകയാണ്. അവസാനം തോക്ക് ചൂണ്ടി ശര്‍മ പറയാതെ പറയുന്നത് മുസ്‌ലിംകളെ കൊന്നുതള്ളും എന്നാണ്. വിമര്‍ശനം ശക്തമായതോടെ ബി ജെ പി പ്രസ്തുത വീഡിയോ തങ്ങളുടെ സാമൂഹിക മാധ്യമ പോസ്റ്റില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. വിവാദ വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ സഹ കണ്‍വീനര്‍ റോണ്‍ വികാസ് ഗൗരവിനെ ബി ജെ പിയില്‍ നിന്ന് പുറത്താക്കിയെന്ന അറിയിപ്പ് പുറത്തു വന്നിട്ടുണ്ട്. ഇതുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മയെന്ന പുള്ളിപ്പുലിയുടെ പുള്ളി മായുകയില്ല. ഒരു മുഖ്യമന്ത്രിയുടെ പേരില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പേജില്‍ വരുന്ന പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരിക്കും. പുറത്താക്കിയത് കൊണ്ടോ നിഷേധിച്ചത് കൊണ്ടോ വസ്തുത മറച്ചുപിടിക്കാനാകില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്‌ലിംകളെ എതിര്‍പക്ഷത്തു നിര്‍ത്തിയാല്‍ തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കാമെന്ന മോഹം ശര്‍മക്കുണ്ടായിരിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാര്‍ച്ചിലോ ഏപ്രിലിലോ ആണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഒന്നിനുപിറകെ ഒന്നായി മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ കടുപ്പിക്കുകയാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന കാര്യം അസം മുഖ്യമന്ത്രി മറക്കുകയാണ്. സംസ്ഥാനത്തെ എല്ലാവരെയും തുല്യമായി പരിഗണിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം ‘മുസ്‌ലിംകളെ ഒറ്റപ്പെടുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്’ എന്ന് പരസ്യമായി വിളിച്ചുപറയുന്നു. മുസ്‌ലിംകളുടെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചിനു പകരം നാല് രൂപ കൊടുത്താല്‍ മതി എന്ന് ഉപദേശിക്കുന്നു. എസ് ഐ ആറുമായി ബന്ധപ്പെട്ട് നാല് മുതല്‍ അഞ്ച് ലക്ഷം വരെ മുസ്‌ലിംകളുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം പ്രഖ്യാപനം നടത്തുന്നു.

മുസ്‌ലിംകളെ പീഡിപ്പിക്കാനും ഒറ്റപ്പെടുത്താനും അസമിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയാണ്. നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തി നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറക്കാനുള്ള ശ്രമവും ഉണ്ടായി. 126 നിയമസഭാ മണ്ഡലങ്ങളില്‍ 44 മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ ആയിരുന്നു. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ആദിവാസി ഭൂരിപക്ഷ മണ്ഡലങ്ങളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 44 മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളില്‍ 39ലും വിജയിച്ചത് കോണ്‍ഗ്രസ്സും ബദ്റുദ്ദീന്‍ അജ്മലിന്റെ എ ഐ യുഡി എഫുമാണ്. സി പി എമ്മിന് ഒരു സീറ്റ് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ വിജയിച്ചത് 32 മുസ്‌ലിം സ്ഥാനാര്‍ഥികളായിരുന്നു. അവരില്‍ 15 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്നും 15 പേര്‍ എ ഐ യു ഡി എഫില്‍ നിന്നുമുള്ളവരാണ്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള സംസ്ഥാനമാണ് അസം. ജനസംഖ്യയില്‍ 35 ശതമാനത്തോളം മുസ്‌ലിംകളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെട്ട മണ്ഡലങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് വലിയൊരു വിഭാഗം മുസ്‌ലിംകളുടെ വോട്ടവകാശം നീക്കം ചെയ്തു.

സര്‍ക്കാറിന്റെ നിലവിലെ പ്രവര്‍ത്തനം വിലയിരുത്തി ഹിമന്ത ബിശ്വ ശര്‍മക്ക് ഒരു തിരിച്ചുവരവ് അസാധ്യമാണ്. മുസ്‌ലിം വിദ്വേഷ പ്രചാരണവും പ്രവര്‍ത്തനവും അല്ലാതെ മറ്റൊന്നിലും ശര്‍മ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാറിന്റെ റിപോര്‍ട്ട് കാര്‍ഡ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പര്യാപ്തമല്ല എന്ന് അദ്ദേഹത്തിനും പാര്‍ട്ടിക്കും ബോധ്യമായിട്ടുണ്ട്. മോദി സര്‍ക്കാര്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതിനേക്കാള്‍ കേന്ദ്ര വിഹിതം അസമിന് അനുവദിച്ചുവെങ്കിലും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതിലായിരുന്നില്ല ശര്‍മാ സര്‍ക്കാറിന്റെ താത്പര്യം. കൈയേറ്റം എന്നാരോപിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 798 ഹെക്ടര്‍ ഭൂമി ഒഴിപ്പിക്കുകയുണ്ടായി. ഇവിടങ്ങളില്‍ താമസിച്ചിരുന്ന അര ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി. അവരില്‍ തൊണ്ണൂറ് ശതമാനം പേരും ബംഗാളി വംശജരായ മുസ്‌ലിംകളായിരുന്നു. അനധികൃത നിര്‍മാണം എന്നാരോപിച്ച് വീടുകള്‍ നഷ്ടപ്പെട്ടവര്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുകയാണ്. വോട്ടര്‍പ്പട്ടികയുടെ തീവ്ര പരിശോധനക്കിടയില്‍ മേല്‍വിലാസം നഷ്ടപ്പെട്ട ഇവരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുക പ്രയാസകരമാണ്. അങ്ങനെയും പതിനായിരങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ അസം മുഖ്യമന്ത്രിക്ക് സാധിച്ചു.

അഴിമതി ആരോപണം നേരിടുന്ന ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിംകളെ ലക്ഷ്യമാക്കുന്നത് താന്‍ നേരിടുന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് തരുണ്‍ ഗോഗോയുടെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അസം ജാതീയ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയാണ് കോണ്‍ഗ്രസ്സ് ബി ജെ പിയെ നേരിടാന്‍ തയ്യാറെടുക്കുന്നത്. അതിനിടയില്‍ കോണ്‍ഗ്രസ്സ് നേതാവ് തരുണ്‍ ഗോഗോയിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് രക്ഷപ്പെടാനുള്ള ശ്രമവും ശര്‍മ നടത്തിനോക്കി. തരുണ്‍ ഗോഗോയിക്കും ബ്രിട്ടീഷ് വംശജയായ ഭാര്യ എലിസബത്ത് കോള്‍ബോണിനും പാകിസ്താന്‍ ബന്ധമുണ്ടെന്നാണ് ശര്‍മ ആരോപിക്കുന്നത്.

ഭാര്യയുടെ പേരിലുള്ള ഭൂമി കുംഭകോണമുള്‍പ്പെടെ ശര്‍മ നിരവധി ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോഴും ഹിമന്ത ബിശ്വ ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ്, അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സ് കമ്പനിയായ ലൂയിസ് ബര്‍ഗര്‍ ഇന്റര്‍നാഷനല്‍ ഇന്‍കോര്‍പറേറ്ററുമായുള്ള ഇടപാടിലെ അഴിമതി, ഭീകര സംഘടനയായ ഉള്‍ഫയുടെ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങി ആരോപണങ്ങള്‍ പലതാണ്. കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്ന ശര്‍മ നടത്തിയ അഴിമതികളെക്കുറിച്ച് ഏറെ സംസാരിച്ചത് ബി ജെ പിയുടെ അന്നത്തെ സംസ്ഥാന നേതാക്കളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതോടെ ശര്‍മയുടെ അഴിമതി മുഴുവനും ഇല്ലാതായി. 2015 അവസാനം ബി ജെ പിയില്‍ ചേര്‍ന്ന ശര്‍മയെ 2016ല്‍ സര്‍ബാനന്ദ സോനവാളിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ പ്രഥമ ബി ജെ പി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ദിനേനെ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അസമിന്റെ യഥാര്‍ഥ പ്രശ്നങ്ങളെ കുറിച്ച് അബദ്ധത്തില്‍ പോലും സംസാരിക്കുന്നില്ല. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കം മൂലം വര്‍ഷംതോറും നേരിടുന്ന ജനദുരന്തവുമാണ്. ലോകത്തിലെ ഏറ്റവും വലിയ നദീതടങ്ങളില്‍ ഒന്നായ ബ്രഹ്മപുത്ര വര്‍ഷംതോറും കരകവിഞ്ഞൊഴുകുമ്പോള്‍ അതിന്റെ ദുരന്തം നേരിടുന്നത് അസമിലെ ലക്ഷങ്ങളാണ്. കഴിഞ്ഞ മണ്‍സൂണില്‍ പതിനായിരങ്ങള്‍ക്ക് ഭവനങ്ങളും കൃഷിയും നഷ്ടപ്പെട്ടു. മരണസംഖ്യയും വര്‍ഷംതോറും വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നം മുഖ്യമന്ത്രി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല, അദ്ദേഹത്തിന്റെ മനസ്സിലുള്ളത് മുസ്‌ലിം വിദ്വേഷം മാത്രം.