Home LATEST NEWS malyalam പുതിയ വാർത്ത മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിച്ച് അബുദാബി സാംസ്‌കാരിക വേദി

മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിച്ച് അബുദാബി സാംസ്‌കാരിക വേദി

7
0

Source :- SIRAJLIVE NEWS

അബുദാബി  |  റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി മുപ്പത്തിയൊന്ന് മുന്‍കാല ഇന്ത്യന്‍ സൈനികരെ ആദരിച്ച് കൊണ്ട് അബുദാബി സാംസ്‌കാരിക വേദി. ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് എന്ന പരിപാടിയില്‍ നായ്ക് റാങ്ക് മുതല്‍ ബ്രിഗേഡിയര്‍ റാങ്ക് വരെയുള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചടങ്ങില്‍ എംബസ്സി ഡിഫന്‍സ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര വി.എം. മുഖ്യാതിഥി ആയിരുന്നു.

സ്വപ്നങ്ങളും സൗഖ്യങ്ങളും പിന്നിലാക്കി രാജ്യസേവനത്തിനായ് ജീവിതം സമര്‍പ്പിച്ച സൈനികര്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവും ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിന്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. അബുദാബി സാംസ്‌കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്തബോധവും പുതുക്കിപ്പിടിക്കുന്ന ഒരു സ്മരണയാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈമാറപ്പെടേണ്ട പ്രചോദനമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.

സാംസ്‌കാരിക വേദി പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അദ്ധ്യക്ഷം വഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്‌കുമാര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജയചന്ദ്രന്‍ നായര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് മനോജ് , സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ യേശുശീലന്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡണ്ട് രക്ഷിത യാദവ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, അഹല്യ ഗ്രൂപ്പ് ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകരന്‍, സാംസ്‌കാരിക വേദി ചീഫ് പാട്രന്‍ അനൂപ് നമ്പ്യാര്‍,വനിത വിഭാഗം കണ്‍വീനര്‍ കവിത വിനോദ്, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോള്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിമല്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. കേണല്‍ ഡോ അജയ് രാജ് ഗുപ്ത, മേജര്‍ ഡോക്ടര്‍ അമോള്‍ പാണ്ടുരംഗ് മൂറെ, സ്‌കോഡ്രന്റ് ലീഡര്‍ സംഗീത നായര്‍ എന്നിവര്‍ അവരുടെ സൈനിക അനുഭവങ്ങള്‍ പങ്കു വെച്ചു. അഗ്രത സുജിത്ത് അവതാരകയായിരുന്നു.

പ്രതീകാല്മകമായി ഉണ്ടാക്കിയ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നാല് വനിത സൈനിക ഉദ്യോഗസ്ഥര്‍ ഇത്തവണത്തെ ചടങ്ങില്‍ പങ്കെടുത്തത് പ്രവാസ ലോകത്തെ കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അബുദാബി സാംസ്‌കാരിക വേദി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതിനകം ഏകദേശം മുന്നൂറോളം മുന്‍കാല ഇന്ത്യന്‍ സൈനികര്‍ ആദരിക്കപ്പെട്ടു. ചടങ്ങില്‍ വെച്ച് സാംസ്‌കാരിക വേദി നടത്തിയ ഹരോള്‍ഡ് റോബിണ്‍സന്‍ മെമ്മോറിയല്‍ ചിത്ര രചന – കളറിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനവും സാംസ്‌കാരിക വേദി കുടുംബത്തിലെ കുട്ടികള്‍ക്കുള്ള മെരിറ്റ് അവാര്‍ഡും വിതരണം ചെയ്തു.