Source :- SIRAJLIVE NEWS
റാസ് അൽ ഖൈമ| റാസ് അൽ ഖൈമയിൽ “ഓറഞ്ച് റൂട്ട്’ എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചു. എമിറേറ്റിന്റെ ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി റാസ് അൽ ഖൈമ ഗതാഗത അതോറിറ്റിയുടെ 2030 ഗതാഗത മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ സേവനം. 13 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഓറഞ്ച് റൂട്ട്. അൽ നഖീൽ മുതൽ സൗത്ത് അൽ ദൈത്തിലെ പ്രധാന ബസ് സ്റ്റേഷൻ വരെ സേവനം നടത്തും.
അൽ നഖീൽ, ജുൽഫാർ ടവേഴ്‌സ്, അൽ സദഫ് റൗണ്ട്എബൗട്ട്, ഡ്രൈവിംഗ് സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ക്ലോക്ക് റൗണ്ട്എബൗട്ട്, ഫ്ലമിംഗോ ബീച്ച്, അൽ ദൈത് സൗത്ത് ബസ് സ്റ്റേഷൻ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
രാവിലെ 6.30 മുതൽ രാത്രി 8.30 വരെ ദിവസവും 20 ട്രിപ്പുകൾ ഈ റൂട്ടിൽ ലഭ്യമാണ്. ഒരു യാത്രക്ക് 25-30 മിനിറ്റ് ദൈർഘ്യവും എട്ട് ദിർഹം നിരക്കുമാണ്.
നാല് പ്രധാന നഗര റൂട്ടുകളെ ബന്ധിപ്പിക്കുന്ന ഈ സർവീസ്, യാത്രാസമയം കുറക്കുകയും തടസ്സമില്ലാത്ത ഗതാഗത അനുഭവം നൽകുകയും ചെയ്യുന്നു. ഇതോടെ, റാസ് അൽ ഖൈമയിലെ ആന്തരിക ബസ് ശൃംഖലയുടെ മൊത്തം ദൈർഘ്യം 99 കിലോമീറ്ററായി.