Source :- ANWESHANAM NEWS
പ്രാതലിന് കഴിക്കാൻ ഒരു വെറൈറ്റി അപ്പം തയ്യാറാക്കാം. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഈ അപ്പത്തിനോടൊപ്പം കഴിക്കാൻ കറികളൊന്നും ആവശ്യമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കളർഫുളായ ഈ അപ്പം തയ്യാറാക്കാം എളുപ്പത്തിൽ.
ചേരുവകൾ
റവ – 1 കപ്പ്
തൈര് – 3/4 കപ്പ് (അധികം പുളിയില്ലാത്തത്)
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 3/4 ടീസ്പൂൺ
ഉഴുന്ന് – 1 ടീസ്പൂൺ
കടല പരിപ്പ് – 1 ടീസ്പൂൺ
സവാള – 1 എണ്ണം
ക്യാരറ്റ് – 1/2 കപ്പ്
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 1 തണ്ട്
കായ പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 3/4 കപ്പ്
ബേക്കിങ് സോഡാ (ആവശ്യമെങ്കിൽ മാത്രം) – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് റവ എടുക്കുക. ഇതിലേക്ക് തൈര് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. വെള്ളം ഒഴിച്ച് വീണ്ടും ഇളക്കി യോജിപ്പിക്കാം. ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കാം. ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. കടുക് പൊട്ടിച്ച ശേഷം ഉഴുന്നും കടല പരിപ്പും ചേർക്കുക. ചെറുതായി അരിഞ്ഞ സവാളയും ക്യാരറ്റും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വെന്തു വരുമ്പോൾ കായപ്പൊടി കൂടി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ട് മിനിറ്റ് നേരം വീണ്ടും വേവിക്കുക. ഈ മസാല ചൂടോടെ തന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ബേക്കിങ് സോഡ കൂടെ ചേർത്ത് മിക്സാക്കാം ( ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. തികച്ചും ഓപ്ഷണലാണ്). അപ്പം തയ്യാറാക്കുന്നതിന് വേണ്ടി ഒരു സ്റ്റീമറിൽ വെള്ളം തിളക്കാനായി വക്കുക. ശേഷം ചെറിയ പ്ലേറ്റിൽ എണ്ണ തടവി അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. ഇത് സ്റ്റീമറിലേക്ക് വച്ച് അടച്ച് വേവിക്കുക. തീ മീഡിയം ഫ്ലെമിൽ ഇട്ട് 10 മിനിറ്റ് വേവിച്ചെടുക്കാം.
STORY HIGHLIGHT: rava idli