Source :- ANWESHANAM NEWS
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡുകൂടി അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. തിങ്കളാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്.
ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ട്.
STORY HIGHLIGHT: christmas welfare pension