Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ നിർണായക നാഴികക്കല്ലാകുന്ന വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിനാണ് ബിജെപി സർക്കാർ അംഗീകാരം നൽകിയത്. ഈ മാസം 16ന് ചേരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ഇതോടെ ലോക്സഭാ അംഗങ്ങളുടെ എണ്ണം 816 ആയി വർധിക്കും. വനിതാ സംവരണം അനുസരിച്ച് ലോക്‌സഭയിൽ നിലവിലുള്ള 543 സീറ്റുകൾക്ക് പുറമെ 273 വനിതാ സംവരണ സീറ്റുകളാണ് സ്ത്രീകൾക്കായി മാറ്റിവയ്ക്കുക. സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമ്പോഴും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള നിലവിലെ സംവരണ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ തുടരും. സംസ്ഥാന നിയമസഭകളിലും സീറ്റുകൾ വർധിപ്പിക്കുകയും ആനുപാതികമായ സംവരണം നൽകുകയും ചെയ്യും.
ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൻ്റെ തുടർച്ചയിൽ പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള മറ്റൊരു പ്രത്യേക ബില്ലും സർക്കാർ സഭയിൽ വെക്കും. 2029ലെ പൊതു തെരഞ്ഞെടുപ്പിലായിരിക്കും പുതിയ നിയമം നടപ്പിലാകുക.
2023 സെപ്റ്റംബറിൽ രാഷ്ട്രപതി അംഗീകാരം നൽകിയ സ്ത്രീ സംവരണ ബില്ലിലാണ് കേന്ദ്ര സർക്കാർ കാലോചിതമായ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടമായാണ് ഈ ബില്ലിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ മറ്റ് വിഭാഗങ്ങളെ ബാധിക്കാതെ നടപ്പിലാക്കാം എന്നതാണ് പ്രധാന സവിശേഷത.
