Source :- SIRAJLIVE NEWS
ടെഹ്‌റാൻ | തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. ഇതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വെടിനിർത്തൽ കാലയളവിൽ മേഖലയിൽ നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഇറാൻ പുതിയ നിബന്ധനകൾ മുന്നോട്ടുവെക്കുന്നത്. കപ്പലുകൾ ടോൾ തുക ക്രിപ്‌റ്റോകറൻസിയിലൂടെ നൽകണമെന്നാണ് പ്രധാന നിർദ്ദേശം.
ഹോർമുസ് കടലിടുക്കിലൂടെയുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഓരോ കപ്പലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇറാൻ ഓയിൽ, ഗ്യാസ് ആൻഡ് പെട്രോകെമിക്കൽ പ്രൊഡക്ട്സ് എക്സ്പോർട്ടേഴ്സ് യൂണിയൻ വക്താവ് ഹമീദ് ഹൊസൈനി വ്യക്തമാക്കി. ആയുധങ്ങൾ കടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നിരീക്ഷണമെന്നും പരിശോധനയ്ക്ക് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പ്ലാൻ അനുസരിച്ച്, കപ്പലുടമകൾ ചരക്ക് വിവരങ്ങൾ മുൻകൂട്ടി ഇമെയിൽ ചെയ്യണം. ഇതിന് ശേഷമാണ് ട്രാൻസിറ്റ് ഫീ നിശ്ചയിക്കുക. ഒരു ബാരലിന് ഒരു ഡോളർ എന്ന നിരക്കിലായിരിക്കും ഫീ ഈടാക്കുക എന്നാണ് സൂചന. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാനും പണമിടപാടുകൾ കണ്ടുകെട്ടുന്നത് ഒഴിവാക്കാനുമാണ് ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ പണം ആവശ്യപ്പെടുന്നത്.
ഇറാൻ്റെ തീരത്തോട് ചേർന്നുള്ള പാതകൾ ഉപയോഗിക്കാൻ കപ്പലുകൾക്ക് മേൽ സമ്മർദ്ദമുണ്ട്. അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ നശിപ്പിക്കപ്പെടുമെന്ന റേഡിയോ മുന്നറിയിപ്പുകൾ കപ്പലുകൾക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ മുന്നൂറിലധികം കപ്പലുകൾ കടലിടുക്കിലൂടെ പുറത്തേക്ക് കടക്കാനാവാതെ കാത്തുനിൽക്കുകയാണ്.
അതേസമയം ഇറാൻ്റെ ഈ നീക്കത്തിനെതിരെ ഗൾഫ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സായുധ സേനയുമായി ഏകോപിപ്പിച്ച പുതിയ സുരക്ഷാ പ്രോട്ടോക്കോൾ നിലവിൽ വരുമെന്നാണ് ഇറാൻ്റെ നിലപാട്.
Summary
Iran is proposing a new system requiring oil tankers passing through the Strait of Hormuz to pay transit tolls in cryptocurrency. The move is aimed at monitoring vessel movements and bypassing international sanctions while maintaining leverage over the vital waterway. This proposal has caused significant concern among global shipping firms and Gulf nations as hundreds of vessels remain stranded during the fragile ceasefire period.



