Source :- SIRAJLIVE NEWS
കണ്ണൂര്‍ | എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മര്‍കസ്, മര്‍കസ് നോളജ് സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ഡയറക്ടറും പണ്ഡിതനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്കെതിരെ ഫേസ്ബുക്കിലൂടെ കൊലവിളി നടത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. മാമ്പ പാളയം സ്‌കൂള്‍ വളപ്പില്‍ ഹൗസില്‍ കുഞ്ഞാലിയുടെ മകന്‍ ഒ വി സമീറിനെതിരെയാണ് ചക്കരക്കല്‍ പോലീസ് കേസെടുത്തത്. ഒമാനില്‍ ജോലി ചെയ്തുവരികയാണ് ഇയാള്‍.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം ക്രൈം ബ്രാഞ്ച് ഡി ജി പി. ആര്‍ വെങ്കിടേശിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമീര്‍ ഒ വിയുടെ സമീര്‍ ഒ വി പാളയം കണ്ണൂര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു കൊലവിളി നടത്തിയത്.
എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയെ ഒറ്റയടിക്ക് കൊല്ലുന്നവന് പല്ലിയെ കൊന്ന കൂലി കിട്ടുമോയെന്നായിരുന്നു പോസ്റ്റ്. ഭാരതീയ ന്യായ സംഹിത 192, 351 (രണ്ട്) ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം കൊലവിളി പോസ്റ്റ് ഉള്‍പ്പെടെ സമീപ കാലത്തെ പോസ്റ്റുകളെല്ലാം ഇയാള്‍ നീക്കം ചെയ്തിട്ടുണ്ട്.