Home ബിസിനസ്സ് business malyalam സ്ഥാനാർത്ഥി നിർണയത്തിൽ കെസി വേണുഗോപാലിന്റെ നിർണായക ഇടപെടൽ; കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന പട്ടിക

സ്ഥാനാർത്ഥി നിർണയത്തിൽ കെസി വേണുഗോപാലിന്റെ നിർണായക ഇടപെടൽ; കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന പട്ടിക

11
0

Source :- EVARTHA NEWS

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ച് സംഘടനാ ഐക്യം ഉറപ്പാക്കുന്നതിൽ കെസി വേണുഗോപാൽ നിർണായക ഇടപെടൽ നടത്തി . കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ സമവായം ഉണ്ടാക്കാനും അനുനയം നേടാനുമായി കെസി ഇടപെടുകയുമുണ്ടായി .

സുധാകരൻ വഴങ്ങാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ കൃത്യമായ ആശയവിനിമയത്തിലൂടെ എ കെ ആന്റണി, മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ ഇടപെടുപ്പിച്ച് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതും കെസിയുടെ നീക്കങ്ങളാണ്. ഇതോടെ നീണ്ടുപോകാനിരുന്ന തർക്കങ്ങൾക്ക് സമയോചിതമായ പരിഹാരം കണ്ടെത്താനായി.

സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിലും കെസി വേണുഗോപാലിന്റെ നയതന്ത്ര ഇടപെടൽ നിർണായകമായി. അഭിപ്രായ ഭിന്നതകൾ മറികടന്ന് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന പട്ടിക പുറത്തിറക്കാൻ സാധിച്ചതായി നേതാക്കൾ വിലയിരുത്തുന്നു.

പല മണ്ഡലങ്ങളിലും നേതാക്കൾക്കിടയിൽ ഉണ്ടായിരുന്ന കടുംപിടുത്തങ്ങൾ ഹൈക്കമാൻഡിന്റെ ഇടപെടലിലൂടെ പരിഹരിച്ച് മികച്ച സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന് വഴങ്ങാതെയും സർവ്വേകൾ മുൻനിർത്തിയും കഴിവും യോഗ്യതയും വിജയസാധ്യതയും പാർട്ടി പാരമ്പര്യവും പരിഗണിച്ചാണ് സ്ഥാനാർത്ഥി നിർണയം നടന്നത്.

ദീർഘമായ ചർച്ചകളും തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കി പട്ടിക അന്തിമമാക്കിയത്. ചില മണ്ഡലങ്ങളിൽ ഏകാഭിപ്രായത്തിൽ എത്താൻ പ്രയാസപ്പെട്ടപ്പോഴും കെസി വേണുഗോപാൽ നടത്തിയ ഇടപെടലുകൾ നേതൃത്വം ഏകോപിപ്പിക്കാൻ സഹായകമായി.

യോഗ്യതയും വിജയസാധ്യതയും ഉള്ളവർ അവഗണിക്കപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തിയതും മുൻകാല പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തിയതുമാണ് ഇത്തവണത്തെ പ്രത്യേകത. വനിതകൾ, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, മുതിർന്ന നേതാക്കൾ എന്നിവർക്കെല്ലാം സമതുലിതമായ പരിഗണന നൽകിയ പട്ടികയാണ് കോൺഗ്രസിന്റേത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് സാധിച്ചു. എൽഡിഎഫിനും എൻഡിഎക്കും മുമ്പായി പട്ടിക പൂർത്തിയാക്കിയത് സംഘടനയുടെ തയ്യാറെടുപ്പിനെ സൂചിപ്പിക്കുന്നതായാണ് വിലയിരുത്തൽ.

ഒറ്റപ്പെട്ട അസന്തോഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ കോൺഗ്രസിന് ഉണർവും പ്രതീക്ഷയും നൽകുന്ന സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി തയ്യാറാക്കിയ ഈ പട്ടികയിലൂടെ യുഡിഎഫ് തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.