Source :- EVARTHA NEWS
സെൽഫിയെടുക്കാനെത്തിയപ്പോൾ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോയോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി ജില്ലാ പഞ്ചായത്ത് അംഗമായ ആതിര സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി നടന്നുപോയെന്ന രീതിയിലാണ് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ താൻ സെൽഫിയെടുക്കാനല്ല മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പോയതെന്ന് ആതിര വ്യക്തമാക്കി. “സെൽഫിക്കല്ല പോയത്. നിവേദനം നൽകാനാണ് സമീപിച്ചത്. ആ സമയത്ത് ഒരു ഫോൺകോൾ വന്നു. മുഖ്യമന്ത്രിക്ക് തിരക്കുണ്ടായിരുന്നു. സംഭവത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല. സെൽഫിയെടുക്കട്ടെയെന്ന് ഞാൻ ചോദിച്ചിട്ടില്ല. മാറിനിൽക്കാനും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല,” ആതിര പറഞ്ഞു.
വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കു ഫോൺ ചെയ്യുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായും ആതിര പറഞ്ഞു. കഴിഞ്ഞ ദിവസം അമ്പൂരി കുമ്പിച്ചൽ പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം നടന്നത്. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഐ(എം) അംഗമാണ് ആതിര ഗ്രേസ്.

