Source :- SIRAJLIVE NEWS
‘നിങ്ങൾ കിണർ കുഴിക്കുമ്പോൾ ഭൂമിയുടെ ഹൃദയമാണ് കുത്തിത്തുരക്കുന്നത്’ എന്ന സങ്കൽപ്പത്തിന് അടിസ്ഥാന ശാസ്ത്രത്തിന്റെ ചരിത്ര പിൻബലമോ സാമൂഹിക ബോധത്തിന്റെ ശാസ്ത്ര വിശദീകരണമോ ഉണ്ടാകുമെന്നോ ഇല്ലെന്നോ അറിയില്ലെങ്കിലും എണ്ണത്തിൽ തീരെ കുറവായ, കാലമിനിയും അർഹിക്കും വിധം അടയാളപ്പെടുത്തിയിട്ടില്ലാത്ത കുഞ്ഞമ്പുവേട്ടനെ പോലുള്ളവർക്ക് പക്ഷേ, നോവും നീറ്റലും അതായിരുന്നു. സുരങ്ക ജലസ്രോതസ്സുകൾ തേടിയുള്ള മഹായാനങ്ങളുടെ തുടക്കവും അതാകണം.
പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് മാത്രമേ തന്റെ ജോലി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കുഞ്ഞമ്പുവേട്ടൻ ഉറച്ചു വിശ്വസിച്ചിരുന്ന കർമ മേഖലയാണ് സുരങ്ക നിർമാണം. നീരുറവ കിനിയാൻ സാധ്യതയുള്ള ഒരിടം കണ്ടെത്തുന്നത് മുതൽ സുരങ്ക നിർമാണവും അതിന്റെ പരിസമാപ്‌തിയായ ഉറവ കണ്ടെത്തലും നീരുറവയെ യഥോചിതം അതിന്റെ ഉള്ളൊഴുക്കിന്റെ കൈവഴികളിലേക്ക് തിരിച്ചുവിടുന്നതും നിർമാണത്തിന്റെ ഘട്ടങ്ങളിൽ കടന്നു പോകുന്ന ശ്വാസം മുട്ടുന്ന അവസ്ഥകളെ തരണം ചെയ്യാനുമെല്ലാം പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് വേണം ചെയ്തു തീർക്കാൻ.
“സുരങ്ക’ നിർമാണത്തിന് ഉചിതമായ സ്ഥലം നിശ്ചയിക്കണമെങ്കിൽ, സമീപത്തെ സസ്യങ്ങൾ തഴച്ചു വളരുന്നുണ്ടെന്ന് ബോധ്യമാകണം. ഗുഹകൾ താനേ തഴച്ചു വളരുന്ന മണ്ണെല്ല അതെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ സുരങ്ക നിർമാണം ഭംഗിയായി പൂർത്തികരിക്കാനും സാധിക്കുകയുള്ളു.
സസ്യങ്ങൾ തഴച്ചു വളരുകയും മണ്ണിനു നിശ്ചിത അളവ് ഈർപ്പവുമുണ്ടെങ്കിൽ ശരിയായ സ്ഥാനം കണ്ടെത്തി കഴിഞ്ഞുവെന്ന് ഉറപ്പിക്കാം. വർഷങ്ങൾ നീണ്ട അനുഭവ പരിചയത്തിലൂടെ നേടിയെടുത്ത അത്തരം അറിവുകൾ പിഴച്ചിട്ടില്ലെന്നത്, അദ്ദേഹം നിർമിച്ച ആയിരത്തി അഞ്ഞൂറോളം “ഗുഹാ കിണറുകൾ’ തന്നെ സാക്ഷ്യപ്പെടുത്തും.
ഏകദേശം 300 മീറ്റർ നീളമുള്ള ഗുഹ കുഴിക്കുമ്പോൾ ഒരു പരിധി കഴിഞ്ഞാൽ ഓക്സിജൻ കിട്ടാതെ ശ്വാസം മുട്ടാനുള്ള സാധ്യത കൂടുതലാണ്. കൈയിൽ കരുതിയിട്ടുള്ള തീപ്പെട്ടി ഉരസി മെഴുകുതിരി കത്തിക്കാൻ ശ്രമിക്കുമ്പോൾ, തീപ്പെട്ടി കത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം ഓക്സിജന്റെ അളവ് കുറവാണെന്നും ഇനിയും ഗുഹക്കകത്ത് കഴിയരുതെന്നുമുള്ള മുന്നറിയിപ്പായി കാണണം. എത്രയും പെട്ടെന്ന് പുറത്ത് കടക്കണം…
ഇങ്ങനെ നിർമാണത്തിന്റെ ആദ്യാവസാനം പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന്, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നിർമാണം സാധ്യമാകുന്ന “സുരങ്ക’ ജലസ്രോതസ്സുകളെ കുറിച്ച് നമുക്കിന്ന് കേട്ടുകേൾവി പോലും ഇല്ലാതാകുകയാണ്.
തുളുനാടൻ ഭാഷയിൽ സുരങ്കമെന്ന് പറഞ്ഞാൽ തുരങ്കം എന്ന് മലയാളത്തിൽ അർഥം വരും. ഭൂമിയിൽ ആഴത്തിൽ കുഴിക്കുന്നതിന്ന് പകരം തിരശ്ചീനമായി ഗുഹകൾ നിർമിച്ച് നീരുറവകൾ കണ്ടെടുക്കുമ്പോൾ മറ്റു ജലസ്രോതസ്സുകളെ അപേക്ഷിച്ചു ഏറ്റവും തെളിമയാർന്ന വെള്ളമാണ് നമ്മുടെ കൈക്കുമ്പിളിൽ നിറയുന്നത്. ആഴത്തിൽ കുഴിക്കുമ്പോൾ ഭൂഗർഭജലം വറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെ സുരങ്ക നിർമാണത്തിൽ അങ്ങനെയൊരു ദുരന്തത്തിനുള്ള സാധ്യത തുലോം കുറവാണെന്ന് പറയപ്പെടുന്നു.
കുന്നുകളുടെ വശങ്ങളിൽ കുഴിച്ചെടുത്ത ഇടുങ്ങിയ ഗുഹ പോലുള്ള ഘടനയാണ് ഈ സുരങ്ക കിണറുകൾക്കുള്ളത്. ഏകദേശം 2.5 അടി വീതിയുള്ള ഈ സവിശേഷ ഗുഹാ കിണറുകൾ ഒരു നീരുറവ കണ്ടെത്തുന്നതുവരെ 300 മീറ്റർ വരെ കുഴിക്കാൻ കഴിയും. ഈ പ്രദേശങ്ങളിലെ ഏറ്റവും സുസ്ഥിരമായ ജലസംഭരണികളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
തുരങ്കത്തിലേക്ക് ഒഴുകുന്ന വെള്ളം തുരങ്കത്തിനടുത്തായി നിർമിച്ച ഒരു റിസർവോയറിലേക്ക് തിരിച്ചുവിടുന്നു. നീരുറവകളിൽ നിന്ന് വെള്ളം സ്വതന്ത്രമായി ഒഴുകാൻ തുടങ്ങിക്കഴിഞ്ഞാൽ, മോട്ടോറുകളുടെയോ പമ്പുകളുടെയോ ഉപയോഗം കൂടാതെ വർഷങ്ങളോളം സ്ഥിരമായ ശുദ്ധജല വിതരണം ലഭ്യമാണ്.
ഇറാനിൽ ഉത്ഭവിച്ചതായി പറയപ്പെടുന്ന ഈ സുസ്ഥിര ജലസംഭരണി ഇപ്പോൾ കുഴൽക്കിണർ സംസ്‌കാരത്താൽ കീഴടക്കപ്പെടുന്നു. സുരങ്കകൾ വളരെക്കാലമായി കർഷകർക്ക് ഏറ്റവും അനുയോജ്യമാണ്. അവ വറ്റാത്ത ജലസ്രോതസ്സാണ്. പ്രത്യേകിച്ച് കാസർകോട് പോലുള്ള പ്രദേശങ്ങളിൽ, കുഴൽക്കിണറുകൾ ഒരിക്കലും ഈ സംവിധാനത്തിന് പകരമാകില്ല.
കുഴൽക്കിണറുകൾ കുഴിക്കുന്നതിനേക്കാൾ സുരങ്കകൾക്ക് കൈവേല ആവശ്യമുള്ളതിനാൽ, നിരക്കുകൾ വളരെ കൂടുതലാണ്. കുഴൽക്കിണറുകളിലേക്ക് പെട്ടെന്ന് മാറാനുള്ള ഒരു കാരണം ഇതായിരിക്കാം എന്ന് പറയപ്പെടുന്നു.
കാസർകോട് ജില്ലയിലെ സുരങ്ക കിണറുകളിൽ ഏറെയും നിർമിച്ചത് കാസർകോട് ജില്ലയിലെ കുണ്ടകുഴിയിൽ കുഞ്ഞമ്പുവാണ്. തന്റെ എഴുപത്തിയൊന്നാം വയസ്സിൽ ഈ ലോകത്തോട് വിട പറയും വരെയും ആ മനുഷ്യൻ ആ വഴികളിൽ അനുസ്യൂതം യാത്ര തുടർന്നു. സുരങ്ക കിണറുകൾക്ക് പകരം കുഴൽ കിണറുകൾ സ്ഥാനം പിടിച്ചപ്പോൾ ജീവിത സന്ധാരണത്തിന് അതൊരു തൊഴിലായി ഏറ്റെടുത്തപ്പോഴും ആ മനുഷ്യൻ സുരങ്ക നിർമാണത്തിന്റെ ഗുണവും പ്രാധാന്യവും പറഞ്ഞു കൊടുത്തു ആളുകളെ ആ വഴികളിലേക്ക് തിരിച്ചു വിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. സുരങ്ക നിർമാണത്തിന് അവസരം കിട്ടുമ്പോഴെല്ലാം അതയാളുടെ ജീവിത നിയോഗമായി കണ്ട് ഏറ്റെടുത്തു.
കാസർകോട്, കണ്ണൂർ ജില്ലകളിലായി അയ്യായിരത്തിലധികം സുരങ്കങ്ങളുണ്ട്. പക്ഷേ അവയിൽ മിക്കതും അതിന്റെ ജനപ്രീതി കുറഞ്ഞതിനാൽ ഫലപ്രദമല്ലാതായി. എന്നിരുന്നാലും, കുഞ്ഞമ്പുവിനെപ്പോലുള്ളവർ അവരുടെ കാലം കഴിയും വരെയും അത് ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ലായിരുന്നു.
“സുരങ്ക സമ്പ്രദായം പതുക്കെ മരിക്കുന്നുണ്ടെങ്കിലും, ഈ സമ്പ്രദായം വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ, കഴിയുന്നിടത്തോളം കാലം ഭൂമിയുടെ ആഴങ്ങളിൽ എന്റെ യാത്ര തുടരാൻ ഞാൻ ആഗ്രഹിക്കുന്നു…’
ഇങ്ങനെ ഒരു ജലസംഭരണി സമ്പ്രദായത്തെയും ഇങ്ങനെ ഒരാളെയും കുറിച്ച് കേട്ടറിഞ്ഞു ചെന്നപ്പോൾ അദ്ദേഹത്തിന്റെ അവസാന നാളുകളിലൊന്നിൽ പറഞ്ഞതത്രയും സുരങ്ക കിണറുകളെ കുറിച്ച് തന്നെയായിരുന്നു.
കുഞ്ഞമ്പുവേട്ടന്റെ മനസ്സറിഞ്ഞുള്ള പ്രാർഥനകളിലൊന്ന് മേൽ പറഞ്ഞത് പോലെ ആയത് കൊണ്ടാവാം, അദ്ദേഹത്തിന്റെ മകൻ രതീഷ് തന്നെയാണ് ആ നിയോഗം ഏറ്റെടുത്തത്.
പുതിയത് നിർമിക്കുക എന്നതിലുമപ്പുറം പല കാരണങ്ങൾ കൊണ്ടും ഫലപ്രദമായി നിലനിർത്താനോ യഥോചിതം സംരക്ഷിക്കാനോ നിവൃത്തിയില്ലാതെ ഉപേക്ഷിക്കപ്പെട്ടു തുടങ്ങിയ സുരങ്കങ്ങളെ ഉപയോഗപ്രദമായ രീതിയിൽ നിലനിർത്തുക എന്നതാണ് രതീഷിന്റെ പ്രഥമ ലക്ഷ്യം. കിണറുകൾക്ക് സ്ഥാനം കണ്ടെത്തുക എന്നതും രതീഷ് തന്റെ ഉപജീവന മാർഗമായി കാണുന്നു.
നിരവധി തവണ കിണർ കുഴിച്ചു വെള്ളം കിട്ടാതെ പരാജയപ്പെട്ട ഇടങ്ങളിൽ, പരമ്പരാഗത രീതിയിൽ വെള്ളത്തിന്റെ സ്ഥാനം കണ്ടെത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ രതീഷ് ആരംഭിച്ച “ഉറവകൾ തേടിയുള്ള യാത്ര’ എന്ന സംരംഭം കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ സ്ഥാനം കണ്ടെത്തി കൊടുക്കുന്നതിൽ വിജയിക്കുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ഈയടുത്തിടെ നിർമാണം ആരംഭിച്ച സുരങ്കക്കുള്ള സ്ഥാനം കണ്ടപ്പോൾ കേവലം അഞ്ച് മീറ്റർ കുഴിച്ചു തുടങ്ങിയപ്പോൾ തന്നെ ഉറവ കണ്ടത് ഒരു അപൂർവ അനുഭവമായി രതീഷ് വിവരിക്കുന്നു.
സമീപ പ്രദേശങ്ങളിലൊന്നും തന്നെ വെള്ളം കിട്ടാത്ത കുന്നിൻ മുകളിൽ ജലക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് അവിടെ സുരങ്ക നിർമാണം തുടങ്ങിയത്. അത്രയും വരണ്ടുണങ്ങിയ ഭൂമിയിൽ ഇത്രയും പെട്ടെന്ന് നീരുറവ കിനിഞ്ഞത് തന്റെ കർമവീഥിയിൽ ഒരു മഹാഭാഗ്യമാണെന്ന് അയാൾ വാചാലനാകുന്നു.
നാടിന്റെ തനതായ സംസ്കാരങ്ങൾക്ക് ഉപോൽബലകമായി മാറിയിരുന്ന പല സമ്പ്രദായങ്ങളും കാലഹാരണപ്പെട്ട്, കേവലം കെട്ടുകഥകൾ പോലെയായി തീർന്ന അനുഭവങ്ങൾ ഏറെയുള്ള നാടാണ് നമ്മുടേത്. വരും തലമുറയോട് കഥകൾ പോലെ മാത്രം പറഞ്ഞു അവസാനിപ്പിക്കേണ്ട എത്രയോ പരമ്പരാഗത തൊഴിലുകളും ആചാരങ്ങളും നമുക്ക് യാതൊരു തെളിവും അവശേഷിപ്പിക്കാതെ മണ്ണടിഞ്ഞു പോയിരിക്കുന്നു.
രതീഷ് ആവർത്തിച്ചാവർത്തിച്ചു പറയുന്നത് അത് മാത്രമാണ്. സുരങ്കങ്ങൾ കേവലം കെട്ടുകഥയല്ലെന്ന് തെളിയിക്കാൻ ഒരു സുരങ്കം തന്നെയെങ്കിലും അർഹിക്കും വിധം സംരക്ഷിച്ചു നിലനിർത്താൻ സാധ്യമായാൽ അത് തന്നെയാണ് തന്റെ ജന്മ പുണ്യമെന്നും, ഈ വഴികളിൽ ജീവിതം നേദിച്ച തന്റെ അച്ഛനുള്ള ചിരന്തനമായ സ്മാരകം അതായിരിക്കണമെന്നും അയാൾ ആഗ്രഹിക്കുന്നു. അതയാളുടെ ആഗ്രഹം മാത്രമല്ല പ്രതിജ്ഞ തന്നെയാണെന്ന് രതീഷിന്റെ സഞ്ചാരപഥങ്ങൾ തെളിയിക്കുന്നു.