Source :- EVARTHA NEWS
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ ‘മതേതരത്വം, ജനാധിപത്യം, കൺസൾട്ടേറ്റീവ് ഗവൺമെന്റ്’ എന്ന സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെ പ്രശംസിച്ച ഫറൂഖ് അബ്ദുള്ള, സംസ്ഥാനത്തിന്റെ ഭരണനേട്ടങ്ങളെയും എടുത്തുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ സംസ്ഥാനത്തെ നയിക്കുന്ന രീതിയും, ഓരോ മതത്തെയും ഓരോ മനുഷ്യനെയും ബഹുമാനിക്കുന്ന കേരളത്തിന്റെ സംസ്‌കാരവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഇത് കേരളത്തിന്റേത് മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറയുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. നുണകൾ പ്രചരിപ്പിച്ച് അവ ജനമനസ്സുകളിൽ കയറ്റാനാണ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കുന്നത്. മാധ്യമങ്ങൾ ഇന്ന് നുണകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, സത്യങ്ങൾ മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരെ ഈ നാട്ടിൽ നിന്ന് പുറത്താക്കിയത് നമ്മളെ തടവുകാരാക്കാനല്ല, മറിച്ച് എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയ്ക്ക് വേണ്ടിയാണ്. എന്ത് കഴിക്കണം, എവിടെ പ്രാർത്ഥിക്കണം, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടം.
വിഭജനകാലത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പാകിസ്ഥാന്റെ ഭാഗമാകാൻ കശ്മീർ ആഗ്രഹിച്ചില്ല. കശ്മീരികൾ അഭിമാനികളായ ഇന്ത്യക്കാരാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കരുത്ത് അതിന്റെ വൈവിധ്യത്തിലാണ്. നാനാത്വത്തിൽ ഏകത്വം എന്നത് തകർക്കപ്പെട്ടാൽ ഇന്ത്യ ദുർബലമാകും.
വടക്കേ ഇന്ത്യയിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെയാകുമ്പോൾ കേരളത്തിൽ ചൂട് കൂടുതലാണ്. ഭക്ഷണത്തിലും ഭാഷയിലും സംസ്‌കാരത്തിലും നമ്മൾ വ്യത്യസ്തരാണ്. ഈ വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് കൈകോർത്ത് മുന്നേറാം എന്ന പ്രതീക്ഷയാണ് ഇന്ത്യയെ നിലനിർത്തുന്നത്. ഫാസിസ്റ്റ് ശക്തികൾ എത്ര ശ്രമിച്ചാലും അവർക്ക് വിജയിക്കാൻ കഴിയില്ല. ഹിറ്റ്‌ലറെപ്പോലെ അവരും ഒരുനാൾ തകരും.
കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും സമാധാനത്തോടെ സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരു ജനാധിപത്യ ഇന്ത്യയ്ക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഡോ. ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ കേരളവും തമിഴ്നാടും ഉയർത്തുന്ന പ്രതിരോധം ഏറെ പ്രസക്തമാണെന്ന് സെഷനിൽ ഓൺലൈൻ ആയി പങ്കെടുത്ത കനിമൊഴി കരുണാനിധി എംപി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന് പകരം ഒരു പ്രത്യേക വിഭാഗത്തിന്റെ ആധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത ജനാധിപത്യം സംരക്ഷിക്കാൻ വിഭിന്ന രാഷ്ട്രീയ ചിന്താഗതിയുള്ളവർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് അവർ പറഞ്ഞു. കേരള സർക്കാർ സംഘടിപ്പിച്ച ഈ സമ്മേളനം ഭാവിയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
ഇന്ത്യയെന്നത് ഏകശിലാരൂപമായ ഒന്നല്ലെന്നും പല സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും സങ്കലനമാണെന്നും മുൻ ഡൽഹി ഹൈ കോടതി ചീഫ് ജസ്റ്റിസ് എ. പി. ഷാ പറഞ്ഞു. ബുൾഡോസർ നീതിയും ഭരണഘടനാ വിരുദ്ധമായ നടപടികളും ഇന്ന് സാധാരണമായിരിക്കുന്നു. ജുഡീഷ്യറി ഭരണഘടനയുടെ കാവൽക്കാരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതേതരത്വത്തിന് പകരം ഹിന്ദുത്വ ഭൂരിപക്ഷവാദം നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ജമ്മു കശ്മീരിലെ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾപ്പെടെ ഇതിന്റെ സൂചനകളാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം എന്നാൽ ഭൂരിപക്ഷ ഭരണമല്ല അത് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം കൂടിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകൾ ഇത്തരം വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ഇന്ന് പരിഹസിക്കപ്പെടുകയാണെന്ന് ദ ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ. റാം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും തെക്കേ ഇന്ത്യയിൽ ഇന്നും വിമർശനാത്മകമായ നിലപാടെടുക്കുന്ന മാധ്യമങ്ങൾ നിലനിൽക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. കേരളത്തിന്റെ സാമൂഹിക വികസന മാതൃകയും തമിഴ്നാടിന്റെ വ്യവസായ-സാമൂഹിക വികസന സമന്വയവും ഇന്ത്യയ്ക്ക് മൊത്തത്തിൽ മാതൃകയാക്കാവുന്നതാണ്. കുറഞ്ഞ വരുമാനത്തിലും മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കാമെന്ന് കേരളം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹിംസയുടെയും വെറുപ്പിന്റെയും രീതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുകയാണെന്ന് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ സയീദ് അക്തർ മിർസ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകൾ ഉപയോഗിച്ചും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ശാസ്ത്രീയ ചിന്താഗതികൾക്കും സത്യത്തിനും ഈ വിവരണങ്ങളിൽ സ്ഥാനമില്ല. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പോലും സാധാരണക്കാരന് ഭയമില്ലാതെ കയറിച്ചെല്ലാമെന്നത് ഇവിടുത്തെ ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. എന്നാൽ വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിന്റെ വാതിലിലും മുട്ടുന്നുണ്ടെന്നും അതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകളെ കുറ്റമായി കാണുന്ന പ്രവണത രാജ്യത്ത് വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനം പരിമിതപ്പെട്ടുവെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ വി. കെ. രാമചന്ദ്രൻ പറഞ്ഞു. സർവ്വകലാശാലാ നിയമങ്ങളിൽ ഗവർണർമാർ ഇടപെടുന്നതും വികസനത്തിന് രാഷ്ട്രീയം കലർത്തുന്നതും ഫെഡറലിസത്തിന് എതിരാണ്. ഇതിനെല്ലാമുള്ള മറുപടി കേരളം മുന്നോട്ടുവെക്കുന്ന വികസന ബദലാണെന്നും അദ്ദേഹം പറഞ്ഞു.
വിഷൻ 2031 കോൺഫറൻസിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളുടെ സംഗ്രഹം സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അവതരിപ്പിച്ചു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലാളി ക്ഷേമം തുടങ്ങി 18 മേഖലകളിൽ നടന്ന ചർച്ചകളിലെ പ്രധാന നിർദ്ദേശങ്ങൾ അവർ വിശദീകരിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനം ചെയ്യുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, വയോജന പരിപാലനം എന്നിവയിൽ കേരളം മുന്നോട്ടുപോകേണ്ട വഴികൾ ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്തു. വികസനവും ജനാധിപത്യവും മതേതരത്വവും പരസ്പരപൂരകങ്ങളാണെന്ന സന്ദേശവുമായാണ് വിഷൻ 2031 കോൺഫറൻസ് സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 4,000 പ്രതിനിധികളും 200ഓളം പ്രഭാഷകരും കോൺഫറൻസിന്റെ ഭാഗമായി.


