Home LATEST NEWS malyalam പുതിയ വാർത്ത സന്തോഷത്തിന്റെ വേരുകൾ ചികയൂ

സന്തോഷത്തിന്റെ വേരുകൾ ചികയൂ

3
0

Source :- SIRAJLIVE NEWS

തുവരെ സ്വന്തമായി ഒരു കാർ മേടിക്കാൻ കഴിഞ്ഞില്ല, വീടു പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, കൂടുതൽ വേതനമുള്ള ജോലി തരപ്പെടുത്താനായില്ല, ആഗ്രഹിച്ചത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നിങ്ങനെ പരാതിയുടെ നൂലാമാലകളിൽ കുരുങ്ങി അസംതൃപ്തി തിന്ന് ജീവിക്കുന്നവരുണ്ട് നമുക്കിടയിൽ. സന്തോഷിക്കേണ്ട നിമിഷങ്ങളിലൊക്കെയും അവർ ഇല്ലായ്മകളെയും ദുഃഖങ്ങളെയും തൊട്ടു തലോടും. വിശേഷങ്ങളാരായുമ്പോ “അങ്ങനെ പോണ്’ എന്ന് അസംതൃപ്തിയെ നീട്ടി തുപ്പും.

കൂട്ടുകാരേ… എല്ലാ ആഗ്രങ്ങളും പൂർത്തിയായിട്ട് സന്തോഷിക്കാമെന്ന് വെച്ചാൽ മനുഷ്യന് എന്നാണ് സന്തോഷിക്കാനാവുക? ആഗ്രഹങ്ങൾ അനുനിമിഷം ഏറി ക്കൊണ്ടിരിക്കും.മോഹബലൂൺ നാൾക്കുനാൾ വീർക്കും. ഓരോന്ന് നേടുമ്പോഴും അടുത്തതിന്റെ അസ്വസ്ഥതകൾ ആരംഭിക്കും. ആഗ്രഹങ്ങൾ പാടില്ല എന്നല്ല. പക്ഷേ, അതിമോഹങ്ങളുടെ പേരിൽ നിരാശയും ദുഃഖവുമായുള്ള സഞ്ചാരത്തിന് പകരം, കിട്ടിയതിൽ സംതൃപ്തി പ്രകടിപ്പിക്കുന്ന ശീലമാണ് നമുക്ക് വേണ്ടത്. അതാണ് വിവേകിയുടെ നിലപാട്. മനുഷ്യന്റെ ആക്രാന്തത്തെ അപലപിച്ച് കൊണ്ട് തിരുനബി(സ) പറഞ്ഞത് നമ്മുടെ അകത്തുണ്ടാവണം. ” മനുഷ്യന് സമ്പത്തിന്റെ ഇരു താഴ്്വരകൾ ഉണ്ടെന്നാലും അവൻ മൂന്നാമതൊന്ന് തേടിക്കൊണ്ടിരിക്കും. മനുഷ്യപുത്രന്റെ അകം മണ്ണല്ലാതെ നിറക്കുകയില്ല.

അല്ലാഹു പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കും’ (ബുഖാരി, മുസ്്ലിം). കേൾക്കൂ… അതിമോഹങ്ങൾ നമ്മുടെ സ്വഭാവത്തെ സാരമായി ബാധിക്കും. അനുവദനീയമായതും അല്ലാത്തതും വിവേചിച്ചു മനസ്സിലാക്കാൻ നാം തയ്യാറാവാതെ വരും, ദുർമാർഗത്തിലൂടെയാണെങ്കിലും ലക്ഷ്യം നേടിയാൽ മതിയെന്ന് നമുക്ക് തോന്നും, ഏത് അതിക്രമങ്ങൾക്കും തയ്യാറാകും.

നോക്കൂ… സമീപകാലത്ത് നടന്ന കൊലപാതകങ്ങളും ലഹരി കേസുകളും ഏറെ കുറേ സമ്പത്തിനോടുള്ള അതിമോഹത്തിൽ നിന്നും ഉണ്ടായതാണെന്ന് നമുക്ക് നിരീക്ഷിക്കാനാകും. ശരിയാണ്, ആർത്തി മനുഷ്യന്റെ വിവേകം നഷ്ടപ്പെടുത്തുന്നു, ഭ്രാന്തനാക്കുന്നു. സംതൃപ്തി നമ്മെ സന്തോഷവാനാക്കും. “എന്റെ മോഹങ്ങളെ ഞാൻ നിർജീവമാക്കി. അതുവഴി എന്റെ മനസ്സിന് ഞാൻ ആഹ്ലാദം നൽകി. തീർച്ചയായും മനസ്സ് മോഹങ്ങൾക്ക് അനുസൃതമായി നീങ്ങിക്കൊണ്ടിരുന്നാൽ നിന്ദ്യതയെ വരിച്ചു കൊണ്ടിരിക്കും’ എന്ന് ഇമാം ശാഫിഈ (റ) ബോധ്യപ്പെടുത്തിയതതുകൊണ്ടാണ്.

ലഭ്യമായ വിഭവങ്ങളിൽ സംതൃപ്തരാവുകയും ദൈവത്തോട് നന്ദിയുള്ളവരാവുകയും ചെയ്യുന്നവരാണ് നല്ല മനുഷ്യർ. തിരുനബി(സ) അരുളി ” തീർച്ചയായും ജീവിതം അല്ലാഹുവിന് സമർപ്പിക്കുകയും വിഭവങ്ങൾ ആവശ്യത്തിനനുസരിച്ച് ലഭിക്കുകയും അല്ലാഹു നൽകിയത് കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തവർ തീർച്ച വിജയിച്ചു. (മുസ്്ലിം). കിട്ടിയതെത്ര ചെറുതെങ്കിലും അതിനെ സന്തോഷത്തിനുള്ള വകയാക്കി മാറ്റുന്ന മനുഷ്യരുടെ ജീവിതം ആഹ്ലാദഭരിതമായിരിക്കും.

ലഭിച്ചതെത്രയോ വലുത് എന്ന ആലോചന ഉണ്ടാകുമ്പോൾ, സഫലമാകാതെ പോയതൊന്നും അവർക്ക് ആകുലതയുണ്ടാക്കില്ല. അത്തരക്കാരുടെ ജീവിതമത്രേ ഐശ്വര്യമുള്ള ജീവിതം. തിരുദൂതർ (സ) അക്കാര്യം നമ്മെ പഠിപ്പിച്ചിട്ടുമുണ്ട് . “വിഭവങ്ങളുടെ ആധിക്യമല്ല ഐശ്വര്യം. മറിച്ച്, മനസ്സിന്റെ ഐശ്വര്യമാണ് യഥാർഥ ഐശ്വര്യം’ (ബുഖാരി). ഇല്ലായ്മകളിലും തന്നെക്കാൾ കീഴ്പോട്ട് നോക്കി അവനെക്കാൾ മേത്തരം വിഭവങ്ങൾ എനിക്കുണ്ടല്ലോ എന്നാലോചനയാണ് നമുക്ക് വേണ്ടത്. ഭൗതിക കാര്യങ്ങളിൽ തന്നെക്കാൾ താഴെയുള്ളവനിലേക്കും ആത്മീയ കാര്യങ്ങളിൽ മുകളിലുള്ളവനിലേക്കും നോക്കണമെന്നാണല്ലോ ഇസ്‌ലാമിന്റെ അധ്യാപനം. ദുഃഖിച്ച് നിഷ്ക്രിയനാവുന്ന അവസ്ഥകളുടെ വേരറുത്തു മാറ്റണം.

അപ്പോഴാണ് സ്തുത്യർഹ ജീവിതം സാധ്യമാവുക. അതാണ് ഇമാം ശാഫിഈ അവിടുത്തെ കാവ്യശകലത്തിൽ ഇങ്ങനെ കുറിച്ചത് “അതിമോഹമത്യാഗ്രഹങ്ങളെ തീണ്ടാതെ – ജീവിക്ക സംതൃപ്തിയാലെ നീയെ, അതിനാലെയുന്നതി നേടിടും നീ സ്തുത്യർഹനായി തീർന്നിടും നീ’
തിരുദൂതരും അവിടുത്തെ അനുചരന്മാരും ലഭ്യമായ ജീവിതത്തെ സംതൃപ്തിയോടെ പരിഗണിച്ചവരാണ്. ഇല്ലായ്മകൾ ഒന്നും അവരെ അസ്വസ്ഥമാക്കിയില്ല. മാതൃഭൂമിയിൽ നിന്ന് ആട്ടിപ്പുറത്താക്കിയപ്പോഴും സമ്പത്ത് അപഹരിക്കപ്പെട്ടപ്പോഴും ദാരിദ്ര്യം അനുഭവിച്ചപ്പോഴും ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോഴും അല്ലാഹുവിന്റെ വിധിയിൽ അവർ തൃപ്തരായിരുന്നു. അതുകൊണ്ടാണ് സൂറത്ത് തൗബ ഇങ്ങനെ പരാമർശിച്ചത് “അല്ലാഹു അവരെ സംബന്ധിച്ച് സംതൃപ്തരായിരിക്കുന്നു.

അവർ അല്ലാഹുവിലും തൃപ്തരായിരിക്കുന്നു, അവർക്ക് വേണ്ടി താഴ്്വാരങ്ങളിലൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളെ ശാശ്വതമായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അതത്രേ ഏറ്റവും വലിയ വിജയം’. ദാരിദ്ര്യവും സാമ്പത്തികപരാധീനതകളും പീഡനങ്ങളും വൈതരണികളും ഉണ്ടായിട്ടും അവർ അക്ഷമരായിരുന്നില്ല, മറിച്ച് ആ വിധികളിൽ അവർ സംപ്രീതരായിരുന്നു. അത്തരത്തിലൊരു മനസ്സ് രൂപപ്പെട്ടാൽ മനുഷ്യൻ രക്ഷപ്പെട്ടു. മുൾവേലികളെല്ലാം വകഞ്ഞു മാറ്റാൻ അവന് എളുപ്പം കഴിയും. തിരു നബി (സ) പറഞ്ഞു ” ലഭ്യമായതിൽ സംതൃപ്തിയുണ്ടാവുകയെന്നതൊരു നിധിയാണ്, അതൊട്ടും നശിക്കുകയില്ല’ (ബൈഹഖി) ആ അമൂല്യനിധിയെ നമ്മൾ ആർജിക്കണം.

സഹൃദയരേ… ജീവിതം ഒരേ താളത്തിൽ ക്രമീകരിക്കപ്പെട്ടതല്ല. എല്ലാത്തിനും അതിന്റേതായ കയറ്റിറക്കങ്ങൾ ഉണ്ട്. എന്റെ ആഗ്രഹങ്ങൾ സാധിക്കാതെ മുന്നോട്ടില്ലെന്ന തീരുമാനമൊക്കെ മൗഢ്യമാണ്. ഏത് അവസ്ഥയിലും തരളിതമായ നിലപാട് എടുക്കുകയാണ് നമ്മൾ വേണ്ടത്. ഏത് ഘട്ടത്തെയും നമ്മുടെ സന്തോഷങ്ങളാക്കി മാറ്റാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഏത് കാര്യത്തിലും പരാതിപ്പെടുന്ന ആളുകളോട് സമൂഹം പിന്തിരിഞ്ഞു നിൽക്കും. എന്നാൽ കാര്യങ്ങളെ അവസരങ്ങളും പുതിയ വഴികളും ആയി മനസ്സിലാക്കുന്നവർക്ക് മുമ്പിൽ ജീവിതം വിശാല അർഥമുള്ള ഒരാഘോഷമായി മാറും. അയാളുടെ നിമിഷങ്ങളെല്ലാം പ്രസന്നമായിരിക്കും. കിട്ടിയതിലെ നന്മകളെ കണ്ട് നമുക്ക് പ്രതിസന്ധികളെ സന്തോഷങ്ങളാക്കാൻ പഠിക്കാം.