Home LATEST NEWS malyalam പുതിയ വാർത്ത ഷാങ്ഹായ് കടൽ തീരത്ത് ചൈനയുടെ നിഗൂഢ നീക്കം: തായ്‌വാന്റെ ഇരട്ടി വലിപ്പമുള്ള വ്യോമപാത കാരണം പറയാതെ...

ഷാങ്ഹായ് കടൽ തീരത്ത് ചൈനയുടെ നിഗൂഢ നീക്കം: തായ്‌വാന്റെ ഇരട്ടി വലിപ്പമുള്ള വ്യോമപാത കാരണം പറയാതെ അടച്ചുപൂട്ടി

5
0

Source :- SIRAJLIVE NEWS

ഷാങ്ഹായ് | ഷാങ്ഹായ് കടൽ തീരത്തോട് ചേർന്നുള്ള വിപുലമായ വ്യോമമേഖലയിൽ 40 ദിവസത്തേക്ക് സിവിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈനയുടെ അപ്രതീക്ഷിത നടപടി. വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്താതെയാണ് തായ്‌വാന്റെ ഇരട്ടി വലിപ്പമുള്ള 73,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന അടച്ചുപൂട്ടിയത്. യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ് എ എ) പ്രസിദ്ധീകരിച്ച നോട്ടീസ് ടു ഏവിയേറ്റേഴ്‌സ് (നോട്ടം) വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. മെയ് 6 വരെ ഈ നിയന്ത്രണം നിലനിൽക്കും.

മഞ്ഞക്കടലിലും കിഴക്കൻ ചൈന കടലിലുമായി വ്യാപിച്ചുകിടക്കുന്ന അഞ്ച് മേഖലകളിലാണ് പ്രധാനമായും വിലക്ക് ബാധകമാകുന്നത്. ഇതിൽ രണ്ട് മേഖലകൾ ചൈനക്കും ദക്ഷിണ കൊറിയക്കും ഇടയിലുള്ള മഞ്ഞക്കടലിലും മറ്റ് മൂന്നെണ്ണം ചൈനക്കും ജപ്പാനും ഇടയിലുമാണ് സ്ഥിതി ചെയ്യുന്നത്. തായ്‌വാൻ ദ്വീപിന് ഏതാനും നൂറ് കിലോമീറ്റർ വടക്കുമാറിയാണ് ഈ നിരോധിത മേഖലകൾ വരുന്നത്. വിമാനങ്ങൾക്ക് ഷാങ്ഹായിലേക്ക് പ്രവേശിക്കുന്നതിനായി ഏകദേശം 100 കിലോമീറ്റർ വീതിയുള്ള ഒരു എയർ കോറിഡോർ മാത്രമാണ് ഈ മേഖലയിൽ നിലവിൽ തുറന്നുകൊടുത്തിരിക്കുന്നത്.

സൈനിക ആവശ്യങ്ങൾക്കല്ലാതെ ഇത്രയും വിപുലമായ ഒരു മേഖല ഇത്തരത്തിൽ ദീർഘകാലത്തേക്ക് അടച്ചിടാൻ സാധ്യതയില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. സാധാരണയായി സൈനികാഭ്യാസങ്ങൾക്കോ അഗ്നിപർവ്വത സ്ഫോടനം പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ ഉണ്ടാകുമ്പോഴോ ആണ് ഇത്തരം അറിയിപ്പുകൾ നൽകാറുള്ളത്. എന്നാൽ ഇത്രയും വലിയ വിസ്തീർണ്ണത്തിൽ, ഉയര പരിധി നിശ്ചയിക്കാതെ, പെട്ടെന്നുള്ള ഒരു നീക്കം അസാധാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിസൈൽ പരീക്ഷണങ്ങളോ വൻതോതിലുള്ള വ്യോമാഭ്യാസങ്ങളോ ലക്ഷ്യമിട്ടാകാം ഈ നീക്കമെന്ന് നിഗമനങ്ങളുണ്ട്.

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ യു എസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യം മുതലെടുത്ത് ഇന്തോ പസഫിക് മേഖലയിൽ തങ്ങളുടെ സൈനിക സ്വാധീനം വർധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് തായ്‌വാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കഴിഞ്ഞ 15 വർഷമായി അയൽരാജ്യങ്ങളുടെ അതിർത്തികളിൽ ചൈന നടത്തിവരുന്ന കടന്നുകയറ്റ തന്ത്രത്തിന്റെ ഭാഗമായാണ് നോട്ടം (NOTAM) വഴിയുള്ള ഈ നിയന്ത്രണത്തെയും നിരീക്ഷകർ കാണുന്നത്. സിവിൽ വിമാനങ്ങൾക്ക് വിലക്കുണ്ടെങ്കിലും സൈനിക വിമാനങ്ങൾക്കും ഡ്രോണുകൾക്കും ഈ മേഖലയിൽ നിയന്ത്രണമുണ്ടാകില്ല.

Summary

China has implemented a 40-day ban on civil aviation across a massive 73,000 square kilometer area off the coast of Shanghai. The restriction, effective until May 6, covers strategic zones in the Yellow and East China Seas without any official explanation. Military experts believe the scale and sudden nature of this closure indicate significant military activities, potentially including missile tests or large-scale aerial drills.