Home LATEST NEWS malyalam പുതിയ വാർത്ത ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇ ഡി; കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം ആരംഭിച്ച്...

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇ ഡി; കൊടിമര പ്രതിഷ്ഠയില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്

2
0

Source :- SIRAJLIVE NEWS

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ചെന്നൈ സ്വദേശി കല്‍പേഷ്, തിരുവാഭരണം മുന്‍ കമ്മീഷണര്‍ ജയശ്രീ എന്നിവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയ ശേഷം ബാക്കി വന്ന സ്വര്‍ണം കല്‍പേഷിന് നല്‍കിയതായി ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ സംശയ നിഴലിലായ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നയാളാണ് ജയശ്രീ.

അതിനിടെ, ശബരിമലയിലെ കൊടിമര പ്രതിഷ്ഠയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കൊടിമരത്തിന് സ്വര്‍ണം സമര്‍പ്പിച്ച 27 പേരുടെ മൊഴിയെടുക്കും. സംസ്ഥാന വിജിലന്‍സിന്റെ പ്രത്യേക സംഘമാണ് മൊഴി രേഖപ്പെടുത്തുക. കൊടിമരത്തിനായി സമര്‍പ്പിച്ച സ്വര്‍ണത്തിന്റെ അളവ് അറിയുന്നതിനാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

പുതിയ കൊടിമരത്തിനായി സിനിമാ മേഖലയില്‍ നിന്ന് എട്ടുപേര്‍ സ്വര്‍ണം സംഭാവന ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും അടക്കമാണ് സ്വര്‍ണം നല്‍കിയത്. ഈ സ്വര്‍ണത്തിന്റെ കണക്കാണ് ലഭിക്കാനുള്ളത്. ഭീമ അടക്കമുള്ള വ്യവസായ പ്രമുഖരും 27 പേരുടെ പട്ടികയിലുണ്ട്. സ്വര്‍ണം സമര്‍പ്പിച്ചവരുടെ പേര് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

കോടതിയില്‍ സമര്‍പ്പിച്ച പഴയ കൊടിമരത്തില്‍ നിന്ന് അഷ്ടദിഗ്പാലക വിഗ്രഹങ്ങള്‍ നഷ്ടമായിട്ടില്ല. അഷ്ടദിഗ്പാലക വിഗ്രഹങ്ങള്‍ ശബരിമല സ്‌ട്രോങ് റൂമില്‍ നിന്ന് കണ്ടെത്തി. 15 പറകളും മറ്റ് ഉരുപ്പടികളും സ്‌ട്രോങ് റൂമിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ദേവസ്വം വിജിലന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാജിവാഹനം മാത്രമാണ് പഴയ കൊടിമരത്തില്‍ നിന്ന് നഷ്ടമായത്.