Home LATEST NEWS malyalam പുതിയ വാർത്ത വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍; നാളെ കൊട്ടിക്കലാശം

വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍; നാളെ കൊട്ടിക്കലാശം

6
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്നു നാള്‍ മാത്രം. നാളെയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്. കനത്ത വേനല്‍ ചൂടിലും തളരാതെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. വിവിധ പ്രീ പോള്‍ സര്‍വേകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് നല്‍കുന്നത്.

പ്രത്യേകിച്ച് തരംഗമൊന്നും പ്രകടമാകാത്ത തെരഞ്ഞെടുപ്പില്‍ നേരിയ വെത്യാസത്തിനായിരിക്കും ഏതെങ്കിലുമൊരു മുന്നണിക്കു ഭരണം ലഭിക്കുകയെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചന ഇടതു ക്യാമ്പിന് ആത്മവിശ്വാസം പകരുമ്പോള്‍ അടിയൊഴുക്കുകളിലാണ് യു ഡി എഫ് ക്യാമ്പിനു പ്രതീക്ഷ. കേരളത്തില്‍ ഇത്തവണ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് അവസാനലാപ്പിലും എന്‍ ഡി എ ക്യാമ്പ്.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ദേശീയ നേതാക്കളെ വീണ്ടും രംഗത്തിറക്കി കളം പിടിക്കാന്‍ യു ഡി എഫും എന്‍ ഡി എയും തന്ത്രങ്ങള്‍ മെനയുമ്പോള്‍ മുഖ്യമന്ത്രിതന്നെയാണ് ഇടതു ക്യാമ്പിന്റെ താരം. ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും.

അവസാന ലാപ്പില്‍ ആവേശം വിതക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തില്‍ തുടരുകയാണ്.കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ഇന്ന് പാലക്കാടെത്തും.