Home LATEST NEWS malyalam പുതിയ വാർത്ത വേടനെതിരെ ആസൂത്രിത നീക്കം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍

വേടനെതിരെ ആസൂത്രിത നീക്കം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | വേടനെ ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമിച്ച വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നീക്കവുമായി സര്‍ക്കാര്‍. സാധാരണ കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഈ കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യ മാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയത് അംഗീകരിക്കത്തക്കതല്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യപ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇപ്രകാരം അപൂര്‍വ്വമായ ഒരു സംഭവം എന്ന നിലയില്‍ ഈ കേസിനെ പെരുപ്പിച്ചു കാണിക്കാനിടയാക്കിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവാദം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം നടന്നുവെന്നും സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.

വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസിക്കുന്നതായി മന്ത്രി പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്‍. അതുകൊണ്ടുതന്നെ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി അയാള്‍ തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകും.

അതോടൊപ്പം ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ എന്നും വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസിക്കുന്നു എന്നുമാണ് വനംമന്ത്രി പ്രതികരിച്ചത്.