Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | വിദേശ യാത്രാ പ്രതിനിധി സംഘത്തില്‍ പാര്‍ട്ടി നല്‍കിയ പേരുകള്‍ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചു. ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്താതെയാണ് കോണ്‍ഗ്രസ് ലിസ്റ്റ് സമര്‍പ്പിച്ചിരുന്നത്. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂര്‍ പാര്‍ട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും അതിനാലാണ് തരൂരിന്റെ പേര് ഉള്‍പ്പെടുത്താതിരുന്നത് എന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണത്തെ കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ശശി തരൂര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
വിഷയത്തില്‍ മനീഷ് തിവാരിയും അമര്‍ സിംഗും പ്രതികരണമറിയിച്ചിട്ടില്ല. പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, ഡോ.സയിദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്.
എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്നതാണ് ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക. പല സംഘങ്ങളായി യു എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.