Source :- SIRAJLIVE NEWS
വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് പലപ്പോഴും അറിവിന്റെ വാതിലുകളല്ല, വിവേചനവും അരക്ഷിതാവസ്ഥയും അതിക്രമവുമാണ്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. റഷ്യയിലെ ബാര്‍കോര്‍ട്ടോസാന്‍ റിപബ്ലിക്കിലെ കോളജില്‍ കഴിഞ്ഞ ദിവസം തദ്ദേശീയനായ വിദ്യാര്‍ഥിയുടെ കത്തിപ്രയോഗത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അക്രമം തടയാനുള്ള ശ്രമത്തിനിടെ രണ്ട് പോലീസുകാരും പരുക്കേറ്റ് ചികിത്സയിലാണ്.
2024 മേയ് 13ന് കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് വിദ്യാര്‍ഥികള്‍ തദ്ദേശീയ വിദ്യാര്‍ഥികളുടെ ആക്രമണത്തിനിരയായിരുന്നു. ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറിയാണ് അക്രമണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതാണ്. 2018നും 2025നുമിടയില്‍ കാനഡയില്‍ 17ഉം അമേരിക്കയില്‍ ഒമ്പതും ആസ്‌ത്രേലിയയില്‍ മൂന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അസദുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വെളിപ്പെടുത്തിയിരുന്നു. പഠനത്തിനായി ദശലക്ഷങ്ങള്‍ ചെലവിട്ട് അന്യരാജ്യങ്ങളിലെത്തുന്ന കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും കടുത്ത ഭീതിയിലാഴ്ത്തുന്നതാണ് ഇത്തരം വാര്‍ത്തകള്‍.
യുദ്ധഭൂമിയിലോ അസ്ഥിര രാജ്യങ്ങളിലോ അല്ല ആക്രമണങ്ങള്‍ നടക്കുന്നത്, മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരെന്നും ജനാധിപത്യവ്യവസ്ഥകളെ പിന്തുടരുന്നവരെന്നും അവകാശപ്പെടുന്ന രാജ്യങ്ങളിലാണ്. കേവലം കുറ്റകൃത്യമല്ല, വംശീയതയും വിദേശ വിരോധവും ചേര്‍ന്ന ഘടനാപരമായ ഒരു പ്രതിസന്ധിയാണിത്. മത്സരാധിഷ്ഠിതമായ തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ വിദേശ വിദ്യാര്‍ഥികള്‍ ഭീഷണിയായി വിലയിരുത്തപ്പെടുകയും ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. “അവസരം കവര്‍ന്നെടുക്കുന്ന വിദേശികള്‍’ എന്ന പ്രചാരണം അക്രമത്തിന് പ്രചോദനമാകുമ്പോള്‍ ആദ്യ ഇരളാകുന്നത് നിറംകുറഞ്ഞവരും ഏഷ്യന്‍ വംശജരുമായ വിദ്യാര്‍ഥികളാണ്. വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.
ഇക്കാര്യത്തില്‍ ഒന്നാമതായി പ്രതിക്കൂട്ടില്‍ കയറേണ്ടത് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും സര്‍വകലാശാല അധികൃതരുമാണ്. ക്യാമ്പസുകളിലും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഭരണകൂടങ്ങളുടെ അനുമതിയോടെ, നിയമപരമായി തങ്ങളുടെ രാജ്യത്ത് പഠനം നടത്തുന്ന പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിയമ സഹായം ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്കുണ്ട്. ഫീസ് വാങ്ങി കോളജുകളില്‍ അഡ്മിഷന്‍ നല്‍കിയാല്‍ മാത്രം പോരാ, ജീവനും മാനവും സംരക്ഷിക്കപ്പെടുകയും വേണം. വിദേശ സര്‍വകലാശാലകളുടെ സാമ്പത്തിക ഘടനക്ക് വലിയ പിന്തുണ നല്‍കുന്നവരാണ് വിദേശ വിദ്യാര്‍ഥികള്‍. ഉയര്‍ന്ന ഫീസ് നല്‍കിയാണ് അവര്‍ അതാത് രാജ്യങ്ങളില്‍ കോളജ് അഡ്മിഷനും താമസ സൗകര്യങ്ങളുമെല്ലാം നേടിയെടുക്കുന്നത്. “ഫീസ് വാങ്ങുമ്പോള്‍ സ്വാഗതം, ജീവന്‍ അപകടത്തിലാകുമ്പോള്‍ അവഗണന’ എന്ന നയമരുത്.
ഇന്ത്യന്‍ സര്‍ക്കാറിന്റെയും വിദേശ മന്ത്രാലയത്തിന്റെയും ഇടപെടലുകളിലും പോരായ്മകളുണ്ട്. പുറം രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുകയോ അപകട സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയോ ചെയ്യുന്നില്ല. വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തുന്നതില്‍ പിന്നിലാണെന്ന പരാതി വ്യാപകമാണ്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികളെക്കുറിച്ച് കൃത്യമായ വിവരങ്ങളും സര്‍ക്കാറിന്റെ പക്കലില്ല. ഇത് ദുരന്തഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഹെല്‍പ് നമ്പറുകള്‍ പ്രവര്‍ത്തിക്കാത്തതും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള മെല്ലെപ്പോക്കും വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നു. ഇന്ത്യയുമായി സാമ്പത്തിക- പ്രതിരോധ ബന്ധങ്ങളുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലും ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്താനാകുന്നില്ല. കേവലം അപലപിക്കുന്നതിലൂടെ മാത്രം പരിഹരിക്കപ്പെടുകയില്ല ഇത്തരം അക്രമങ്ങള്‍.
ഓരോ രാജ്യത്തെയും ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്കായി പ്രത്യേകം സുരക്ഷാ സെല്ലുകള്‍ രൂപവത്കരിക്കുകയും പ്രാദേശിക പോലീസുമായി ചേര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മേഖലകളില്‍ നിരീക്ഷണം നടത്തുകയുമാണ് ഇതിനൊരു പരിഹാര മാര്‍ഗം. അക്രമത്തിനിരയാകുന്നവര്‍ക്ക് നിയമ പോരാട്ടത്തിന് നിയമപരവും സാമ്പത്തികവുമായ സഹായം ഉറപ്പാക്കുകയും വേണം. വിദേശത്ത് പോകുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുകയും കൃത്യമായ ഇടവേളകളില്‍ അവരുമായി ആശയവിനിമയം നടത്തുകയും വേണം. വിദേശ പഠനം മിക്ക വിദ്യാര്‍ഥികളുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങള്‍ക്ക് കാവലാളാകണം മാതൃരാജ്യം.
നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സ്വന്തം പൗരന്മാരുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതാണ്. സര്‍ക്കാറിന്റെ ഔദാര്യമല്ല, പൗരന്മാര്‍ക്ക് ലഭിക്കേണ്ട അവകാശമാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വിദേശ നയത്തില്‍ ഇക്കാര്യം പ്രതിഫലിക്കേണ്ടതുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അക്രമിക്കപ്പെടുന്ന ഓരോ സംഭവത്തെയും രാജ്യത്തിന്റെ ആത്മാഭിമാനത്തിനേല്‍ക്കുന്ന ക്ഷതമായി കാണേണ്ടതാണ്. ആഭ്യന്തര വേദികളില്‍ “ശക്തമായ വിദേശനയം’ എന്നവകാശപ്പെടുമ്പോള്‍ സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വത്തില്‍ സംഭവിക്കുന്ന ദൗര്‍ബല്യം ഗുരുതരമായ വീഴ്ചയാണ്.



